കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക് പകർച്ചവ്യാധികളുടെ പിടിയിൽ

കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക് പകർച്ചവ്യാധികളുടെ പിടിയിൽ. കുട്ടികൾ ഉൾപ്പടെ ഇരുപത് പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. വീടുകളിൽ വെള്ളംകയറി മാസങ്ങളായി ഇവിടെ ജനജീവിതം ദുസഹമാണ് 

വെള്ളക്കെട്ട് സൃഷ്ടിച്ച വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിനാണ് ആർ ബ്ലോക്കിൽ പകര്‍ച്ച വ്യാധികള്‍ ഉണ്ടായത്. പിഞ്ചു കുഞ്ഞുങ്ങളടക്കം ചർമ്മ രോഗം പിടിപെട്ട് ഇരുപതോളം പേരാണ് കോട്ടയത്തെയും ആലപ്പുഴയിലെയും ആശുപത്രികളിലായത്. സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും യാതോരു പരിഗണനയും നൽകിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ജല നിരപ്പിനെക്കാള്‍ താഴ്ന്നു കിടക്കുന്ന ആര്‍ ബ്ലോക്കില്‍ വെള്ളം വറ്റിക്കുന്നതിനുള്ള മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് ജനജീവിതം നരകതുല്യമായത്. നാലു വര്‍ഷമായി ഇവിടെ ഏതാനും മാസങ്ങള്‍ മാത്രമേ വീടുകളില്‍ വെള്ളം കയറാതെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2014ൽ നൂറ്റി ഇരുപത് ദിവസമാണ് ഇവിടുത്തുകാർ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. മുപ്പതോളം കുടുംബങ്ങളാണ് 1450 ഏക്കർ വിസ്തൃതിയുള്ള ആർ ബ്ലോക്കിലുള്ളത്.