വ്യവസായ പാര്‍ക്കിനായി കിന്‍ഫ്രയുടെ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി

തൃശൂര്‍ േദശമംഗലം പഞ്ചായത്തില്‍ ഇരുന്നൂര്‍ ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കിന്‍ഫ്ര നീക്കം തുടങ്ങി. വ്യവസായ പാര്‍ക്ക് തുടങ്ങാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂകമ്പബാധിത പ്രദേശത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് എതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 

ഇരുന്നൂര്‍ ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം സജീവമായത് ഈയിടെയാണ്. സെന്റിന് മുപ്പതിനായിരം രൂപ വരെ കണക്കാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്വകാര്യ വ്യക്തികളുടെ കൈവശമാണ് ഭൂരിഭാഗവും സ്ഥലവും. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റബര്‍ തോട്ടത്തിന്റെ ഒരുഭാഗവും ഏറ്റെടുത്തേക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിവച്ചു. വളരെ രഹസ്യമായാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെന്ന് നാട്ടുകാര്‍ പറയുന്നു. ദേശമംഗലം, വരവൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കാലങ്ങളായി ഭൂകമ്പ ബാധിത പ്രദേശങ്ങളാണ്. വ്യവസായ പാര്‍ക്ക് വരുമ്പോള്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതു പ്രദേശത്ത് കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വരുത്തുമെന്നാണ് ആശങ്ക. 

എന്നാല്‍, വ്യവസായ പാര്‍ക്ക് വരുന്നതിനെ കുറേപേര്‍ അനുകൂലിക്കുന്നുമുണ്ട്. യു.ഡി.എഫാണ് ദേശമംഗലം പഞ്ചായത്ത് ഭരിക്കുന്നത്. പദ്ധതിയെ ചൊല്ലി പഞ്ചായത്തു ഭരണസമിതിയില്‍ രണ്ടഭിപ്രായമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.