ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ അവ്യക്തത; കുടിയിറക്കൽ ഭീതിയിൽ ആയിരങ്ങൾ

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട് ഗൂഡല്ലൂരിലെ ജന്മം ഭൂമി ഏറ്റെടുക്കല്‍ വിഞ്ജാപനത്തില്‍ അവ്യക്തതകള്‍ തുടരുന്നു. എണ്‍പതിനായിരത്തോളം ഏക്കര്‍ വരുന്ന ജന്‍മം ഭൂമിയില്‍ ഏതൊക്കെ ഭാഗങ്ങളാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുക എന്നതില്‍ വ്യക്തതയില്ല. കുടിയിറക്കല്‍ ഭീതിയിലാണ് ആയിരങ്ങള്‍.

ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളിലെ ബഹുഭൂരിപക്ഷം പേരും പട്ടയമില്ലാതെ കൈവശം വെച്ചിരിക്കുന്ന ജന്മം ഭൂമിയിലാണ് താമസിക്കുന്നത്. ഈയിടെ തമിഴ്നാട് സര്‍ക്കാര്‍ വനനിയമത്തില്‍  ഭേദഗതി വരുത്തി വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രാബല്യത്തില്‍ വന്നാല്‍ എണ്‍പതിനായിരത്തോളം ഏക്കര്‍ വരുന്ന ജന്‍മം ഭൂമി വനത്തിന്റെ ഭാഗമാകുമെന്നാണ് ആശങ്ക.

എന്നാല്‍ ജന്മം ഭൂമിയില്‍ ഏതൊക്കെ ഭാഗമാണ് ഭേദഗതിയുടെ പരിധിയില്‍ വരുക എന്നത് വ്യക്തമല്ല. മുഴുവന്‍ ജന്മം ഭൂമിയും വമാക്കിയാല്‍ ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകും. കര്‍ഷകരുടെ പക്കലുള്ള സ്ഥലം സര്‍ക്കാരിന് വനമായി പ്രഖ്യാപിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്ഥലങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുക്കുന്നില്ല. കുടിയൊഴിയണ്ടിവരുമെന്ന ഭീതിയിലാണ് ജനങ്ങള്‍.

എന്നാല്‍ ജനവാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. വന്‍കിട എസ്റ്റേറ്റുകള്‍ അനധികൃതമായി കൈവശം വെച്ച ഭൂമിയും പുറംമ്പോക്കും മിച്ചഭൂമിയുമാണ് ഏറ്റെടുക്കയെന്ന് നീലഗിരി കലക്ടര്‍ പറഞ്ഞു.