plum-judy

പള്ളിവാസലിൽ ദുരന്തസാധ്യത മേഖലയിൽ പ്രവർത്തിക്കുന്ന പ്ലംജൂഡി റിസോർട്ടിന് അനുകൂലമായി കേന്ദ്ര ഏജൻസിയുടെ വിവാദ റിപ്പോർട്ട്. രണ്ട് തവണ വൻപാറക്കെട്ടുകൾ അടർന്നുവീണ മേഖലയിൽ യാതൊരുവിധ ദുരന്തസാധ്യതകളും നിലനിൽക്കുന്നില്ലെന്ന് എൻഐടി സൂറത്കലാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി റിസോർട്ടിന് പ്രവർത്തനാനുമതി നൽകി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സമർപ്പിച്ച റിപ്പോർട്ട് മനോരമ ന്യൂസിന് ലഭിച്ചു. 

കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്ലംജൂഡി റിസോർട്ട് അടച്ചുപൂട്ടിയത്. പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. മാര്‍ച്ച് 13നും ഓഗസ്റ്റ് ആദ്യവാരവും വന്‍ പാറക്കെട്ടുകള്‍ അടര്‍ന്നുവീണ് മൂന്ന് കാറുകൾ തകർന്നതോടെയാണ് റിസോർട്ടിനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. റിസോർട്ട് പ്രവർത്തിക്കുന്നത് അതീവ പരിസ്ഥിതി ദുർഭല മേഖലയിലാണെന്നും പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് ജിയോളജിക്കിൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതിന് നേർ വിപരീതമാണ് സൂറത്കൽ എൻഐടിയുടെ റിപ്പോർട്ട്. 

റിസോർട്ട് തുറക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട് ആവശ്യമാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിഷ്കർഷിച്ചതോടെയാണ് റിസോർട്ട് ഉടമ സൂറത്കൽ എൻഐടിയെ സമീപിച്ചത്. നിലവിൽ പാറക്കല്ലുകൾ അടർന്നുവീഴാനോ മണ്ണിടിച്ചിലിനോ നേരിയ സാധ്യത പോലുമില്ലെന്നാണ് എൻഐടിയുടെ കണ്ടെത്തൽ. അപകടസാധ്യതയുള്ള മേഖലയിൽ റിസോർട്ട് അധികൃതർ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. അതേസമയം പാറക്കല്ലുകൾ റിസോർട്ട് പരിസരത്തേക്ക് അടർന്നു വീഴുന്നത് പ്രതിരോധിക്കാൻ റോഡിന്റെ അതിരിനോട് ചേർന്ന് കമ്പിവേലികൾ സ്ഥാപിക്കാനും നിർദേശിക്കുന്നു. മൂന്ന് മാസത്തിനകം വേലി സ്്ഥാപിക്കാനാണ് നിർദേശം. രണ്ട് മാസം നീണ്ട ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് ജിയോളജി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചതെങ്കിൽ ഒരു ദിവസത്തെ പരിശോധനമാത്രമാണ് എൻഐടി നടത്തിയത്. റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ.