കൊച്ചി കലൂര്‍ ബാനര്‍ജി റോഡില്‍ കെഎംആര്‍എല്‍ നടത്തുന്ന റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം അനധികൃതമായി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നെന്ന് പരാതി. കലൂര്‍ മാര്‍ക്കറ്റിനു സമീപത്തെ താമസക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറുകാരന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മെട്രോ പാതയ്ക്കു താഴെയുളള റോഡിനോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കാനുളള പ്രവര്‍ത്തനങ്ങളാണ് കെഎംആര്‍എലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന സ്ഥലം കരാറുകാരന് കൈയടക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ പോലും നല്‍കാതെയാണ് സ്ഥലമേറ്റെടുപ്പെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റവന്യു ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും കരാറുകാരന്റെ നടപടിയെ എതിര്‍ക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറുകാരന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സംഭവത്തെ പറ്റി നാട്ടുകാര്‍ കെഎംആര്‍എല്‍ എംഡിക്ക് പരാതി നല്കി.