തൃശൂര്‍ ചെന്ത്രാപ്പിന്നി തലാപുരം കോളനിയില്‍ പട്ടയം ലഭിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. നാല്പതുവര്ഷംവരെ ഈ കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളാണ് പട്ടയത്തിനുവേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തത്.
രണ്ടര സെന്റ് മുതല്‍ അഞ്ചു സെന്റ് വരെയാണ് ഓരോ കുടുംബങ്ങള്‍ക്കുമുള്ള ഭൂമി. ഓലക്കുടിലുകളിലാണ് ഈ കുടുംബങ്ങളുടെ താമസം. കൂലിപ്പണിയെടുത്ത് ഉപജീവനം തേടുന്നവര്‍. പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഒട്ടുമിക്ക ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വീട് പുതുക്കി പണിയാനോ ബാങ്ക് വായ്പ ലഭിക്കാനോ സാഹചര്യമില്ല. റവന്യൂമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്കു പരാതി നല്കി. വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും, ഫലമുണ്ടായില്ലെന്ന് കോളനിക്കാര്‍ പറയുന്നു.
മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമാണിത്. ഒരു വര്‍ഷം മുമ്പ് മഴയില്‍ തകര്‍ന്ന വീട് ഇനിയും നേരെയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും പട്ടയം ശരിയാക്കാമെന്ന് രാഷ്ട്രീയ നേതാക്കള്‍ വാഗ്ദാനം നല്‍കും. പക്ഷേ, വര്‍ഷം നാല്പതു കഴിഞ്ഞിട്ടും പട്ടയ പ്രശ്നം തീര്‍ന്നില്ലെന്നു മാത്രം.