സിറ്റി ഗ്യാസ് പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ നഷ്ടപരിഹാരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും തമ്മില്‍ അഭിപ്രായ ഭിന്നത. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ മാത്രമേ നഷ്ടപരിഹാരം ഈടാക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോര്പറേഷന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഈ നിര്‍ദ്ദേശം അപ്രായോഗികവും നഷ്ടമുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സര്‍ക്കാരിന് കത്തയച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചിയടക്കമുളള നഗരങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുമ്പോള്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും. ഇത്തരത്തില്‍ വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സ്ക്വയര്‍ കിലോമീറ്റിന് 5330 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കൊച്ചി കോര്‍പറേഷന്റെ ആവശ്യം. എന്നാല്‍ ഈ തുക സ്ക്വയര്‍ കിലോ മീറ്ററിന് 2,000 രൂപ എന്ന നിരക്കിലേക്ക് ഇളവു ചെയ്യണമെന്ന് സര്‍ക്കാര്‍ കോര്പറേഷന്് നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ ഓയിലിന്റെയും അദാനി ഗ്രൂപ്പിന്റെയും അഭ്യര്‍ഥന മാനിച്ചായിരുന്നു സര്‍ക്കാരിന്റെ ഇടപടെല്‍. പക്ഷേ,സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ പദ്ധതി നടപ്പാക്കി കഴിയുമ്പോഴേക്കും നഗരസഭയ്ക്ക് എഴുപതു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വാദം.
നഷ്ടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. നഗരസഭയില്‍ നിന്നുളള സര്‍വകക്ഷി സംഘം ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കാണാനും പദ്ധതിയിടുന്നുണ്ട്.