കൊച്ചി റിഫൈനറിക്കെതിരായ ജനങ്ങളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ. പ്രദേശത്തുനിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ വേഗം നടപടിയുണ്ടാകുമെന്നും മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പറഞ്ഞു. അമ്പലമേട്ടിലെ റിഫൈനറിയിലും പരിസരത്തെ വീടുകളിലും കമ്മിഷൻ നേരിട്ടെത്തി തെളിവെടുത്തു.
തെളിവെടുപ്പിനെത്തിയ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസിന് മുന്നിൽ പരാതികളുടെ പ്രളയമായിരുന്നു. എല്ലാം കണ്ടും കേട്ടും മനസിലാക്കിയ കമ്മിഷൻ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. വ്യവസായമേഖലയായ അമ്പലമേട്ടിൽ മലിനീകരണം രൂക്ഷമാണ്. വാതകങ്ങൾ അന്തരീക്ഷത്തിൽ കലർന്ന് പ്രദേശവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പതിവായതോടെയാണ് നാട്ടുകാർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്