ബെംഗളൂരു നഗരത്തിലെ ഒരു അപ്പാര്‍ട്മെന്‍റ് വാടകയ്ക്ക് നല്‍കുന്നതായി കാണിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു. ഒരു യുവതിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സാധാരണയായി വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ വീട്ടുടമ പല കണ്ടീഷനുകളും മുന്നോട്ട് വയ്ക്കാറുണ്ട്. വിവാഹം കഴിക്കാത്തവര്‍ക്ക് നല്‍കില്ല, മാംസാഹാരം ഈ അടുക്കളയില്‍ ഉണ്ടാക്കാന്‍ പാടില്ല, കുട്ടികള്‍ ചുമരില്‍ വരയ്ക്കാന്‍ പാടില്ല എന്നുതുടങ്ങി നീണ്ട നിരയുള്ള നിബന്ധനകളുടെ ലിസ്റ്റ് തന്നെ ചില വീട്ടുടമകള്‍ നല്‍കാറുണ്ട്. എന്നാല്‍ സാത്താന്‍ സേവക്കാരായാലും കുഴപ്പമില്ല ദയയുള്ള പെണ്ണുങ്ങള്‍ക്ക് ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കാം എന്നുപറഞ്ഞാണ് ശിവാനി എന്ന യുവതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. ഇവിടെ നിന്ന് ഞാന്‍ താമസം മാറുകയാണ്. പകരം താമസക്കാരെ അന്വേഷിക്കുന്നുണ്ട് എന്നുപറഞ്ഞാണ് യുവതി കുറിപ്പ് ആരംഭിക്കുന്നത്. ഇഡിഎല്‍ ആണ് വീടിന്‍റെ ലോക്കെഷന്‍. ഇജിഎല്‍, ഡോംലൂര്‍, ഇന്ദിരാനഗര്‍, എച്ച്എഎല്‍, വിന്‍റ് ടണല്‍ വഴി ബെല്ലാന്തൂരിലേക്ക് ജോലിക്ക് പോകുന്നവര്‍ക്കൊക്കെ അനുയോജ്യമായി സ്ഥലമാണ്. മൂന്ന് മുറികളുള്ള ഒരു അപ്പാര്‍ട്മെന്‍റാണിത്. അതിലെ മാസ്റ്റര്‍ ബെഡ്റൂമിലേക്കായിരിക്കും നിങ്ങള്‍ താമസിക്കുക. മാസം 18,300 രൂപ വാടക. 38,000 രൂപ ഡെപ്പോസിറ്റ്. 22,000 രൂപ ഇതുകൂടാതെ തുടക്കത്തില്‍ ഡെപ്പോസിറ്റിനൊപ്പം നല്‍കണം. ഫുള്‍ ഫര്‍ണിഷ്ഡ് അപ്പാര്‍ട്മെന്‍റാണ്. കട്ടിലും സൈഡ് ടേബിളും സ്റ്റോറേജ് ഏരിയയുമടക്കമുണ്ട് എന്നിങ്ങനെ അപ്പാര്‍മെന്‍റിനെ കുറിച്ച് എല്ലാ വിവരങ്ങളും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കാണ് ഇവിടം വാടകയ്ക്ക് കൊടുക്കുന്നത്. പുകവലിക്കുന്നവരോ, മാംസാഹാരികളോ, സാത്താന്‍ സേവകരോ അങ്ങനെ ആരുമായിക്കൊള്ളട്ടെ ദയയില്ലാത്തവര്‍ക്കൊഴികെ ആര്‍ക്കും ഇവിടെ വാടകയ്ക്ക് താമസത്തിന് വരാം എന്ന കുറിപ്പിലെ അവസാനഭാഗമാണ് പോസ്റ്റ് വൈറലാക്കിയിരിക്കുന്നത്. അപ്പാര്‍മെന്‍റിന്‍റെ ചിത്രങ്ങളും ശിവാനി പങ്കുവച്ചിട്ടുണ്ട്.