പുള്ളുവൻപാട്ടിന്റെ താളവുമായി വീടുകൾതോറും സഞ്ചരിക്കുകയാണ് പാലക്കാട്ടുകാരിയായ അമ്മുക്കുട്ടി. എഴുപത് വയസ്സ് പിന്നിട്ടിട്ടും പാട്ടിന്റെ താളവും ഈണവും ഈ അമ്മയുടെ മനസ് നിറയെ. പാട്ട് പാടി തൃശൂർ കൊടുങ്ങല്ലൂർ വരെ എത്തിയ അമ്മുക്കുട്ടി.
ഒരു കാലത്ത് വൃശ്ചികവും കർക്കിടകവും മാത്രമല്ല, മറ്റു വിശേഷ ദിവസങ്ങളിലും ഗ്രാമീണ വീടുകളിൽ പുള്ളുവൻ പാട്ടിന്റെ ഈണങ്ങൾ നിറഞ്ഞു നിന്നിരുന്നു. നാഗദോഷവും ദൃഷ്ടിദോഷവും മാറാൻ വീടുകളിലെത്തി പുള്ളുവൻകുടം മീട്ടി നാഗപ്പാട്ടും നാവേറുപാട്ടും പുള്ളുവൻമാർ പാടിയിരുന്നു. ആ കാലവും ഈണങ്ങളും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ല. പക്ഷേ, കാലം മാറിയിട്ടും ആ താളമുപേക്ഷിക്കാൻ അമ്മുക്കുട്ടി തയ്യാറായില്ല. പാരമ്പര്യ കലാരൂപത്തോടുള്ള ഇഷ്ടം മാത്രമല്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഏക മാർഗം കൂടിയാണ് ഇത്.
പാട്ടുപാടുന്ന വീടുകളിൽനിന്ന് ലഭിക്കുന്ന ചെറിയ ദക്ഷിണയാണ് വരുമാനം. കൊടുങ്ങല്ലൂരിന്റെ തീരമേഖലകളിലും സമീപ ഗ്രാമങ്ങളിലും അമ്മുക്കുട്ടിയെപ്പോലുള്ളവർ ഇന്നും ഈ പാട്ടുമായി എത്തുന്നുണ്ട്.കാലം മറന്നുതുടങ്ങിയൊരു കലയുടെ ഓർമ്മകളുമായി, ജീവിതത്തിന്റെ സായാഹ്നത്തിൽ പാട്ടിനെ കൂട്ടുപിടിക്കുകയാണ് ഈ കലാകാരി.