train-food-safty

ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ട്രെയിനിലെ ഭക്ഷണാനുഭവം മികച്ചതാക്കി മാറ്റുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

QCI-യുമായുള്ള ഈ പങ്കാളിത്തത്തിലൂടെ IRCTC-യുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ മൊബൈൽ, സ്റ്റാറ്റിക് കാറ്ററിങ് യൂണിറ്റുകളിലും ഭക്ഷ്യസുരക്ഷയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മൂന്നാം കക്ഷി പരിശോധനാ സംവിധാനം നിലവിൽ വരും. തികച്ചും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും സ്വതന്ത്രവുമായിരിക്കും ഈ പരിശോധനാ സംവിധാനം. മോശം ഭക്ഷണത്തെക്കുറിച്ചും ശുചിത്വമില്ലായ്മയെക്കുറിച്ചും യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഒരു മൂന്നാം കക്ഷി ഏജൻസിയെ ചുമതലപ്പെടുത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. യാത്രക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് ഈ ധാരണാപത്രം. ഇതിലൂടെ ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണവും കൃത്യമായ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

കരാറിന്‍റെ പ്രധാന സവിശേഷതകൾ

മുൻകൂട്ടി അറിയിക്കാതെയുള്ള കര്‍ശനമായ പരിശോധനകൾക്കായി QCI സാക്ഷ്യപ്പെടുത്തിയ വിദഗ്ധരെ നിയോഗിക്കും. ഓരോ മൂന്ന് മാസത്തിലും ആറ് മാസത്തിലും ഈ പരിശോധനകൾ നടക്കും. അന്താരാഷ്ട്ര പാചക മാനദണ്ഡങ്ങളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമപരമായ വ്യവസ്ഥകളും കർശനമായി നടപ്പിലാക്കും. പൂർണമായ സുതാര്യത ഉറപ്പാക്കാൻ QCI-യുടെ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പരിശോധനയിൽ ഉപയോഗിക്കും. സമയവും ലൊക്കേഷനും രേഖപ്പെടുത്തുന്ന  മൊബൈൽ ആപ്ലിക്കേഷനും ഫോട്ടോ തെളിവുകളും ഉപയോഗിച്ചായിരിക്കും ഇൻസ്പെക്ടർമാരുടെ പരിശോധന. പരിശോധനാ റിപ്പോർട്ടുകൾ 24 മണിക്കൂറിനകം സമർപ്പിക്കേണ്ടതുണ്ട്. വീഴ്ച വരുത്തുന്ന കച്ചവടക്കാരെയും കരാറുകാരെയും തത്സമയം കണ്ടെത്താനും അവർക്കെതിരെ ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഇത് സഹായിക്കും.

പരിശോധനയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

ഭക്ഷണം തയ്യാറാക്കുന്ന രീതി, ശുചിത്വം, സുരക്ഷിതമായ സംഭരണ രീതികൾ, ജീവനക്കാരുടെ വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ്, പ്രഫഷണൽ ഹോസ്പിറ്റാലിറ്റി മാനദണ്ഡങ്ങൾ, നിർബന്ധിത സുരക്ഷാ വസ്ത്രങ്ങളുടെ (കയ്യുറ, തൊപ്പി തുടങ്ങിയവ) ഉപയോഗം എന്നിവ പരിശോധിക്കും. പ്രാണികളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ, ഭക്ഷണത്തിന്റെ താപനില ക്രമീകരണം എന്നിവയും ഉറപ്പാക്കും. കാറ്ററിങ് ലൈസൻസികളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും സ്ഥിരത പുലർത്താനും ഈ പരിശോധനകൾ സഹായിക്കും.

ട്രെയിനുകളിൽ മോശം രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ ഈ സ്വതന്ത്ര പരിശോധന വഴിയൊരുക്കും. ഭാവിയിൽ ജീവനക്കാർക്ക് പ്രത്യേക പരിശീലന പരിപാടികൾ നൽകുന്നതിനുള്ള പങ്കാളിത്ത ചട്ടക്കൂടും ഈ കരാറിലുണ്ട്.

Third-Party Inspections to Ensure Railway Catering Hygiene:

IRCTC food safety and hygiene in Indian Railways are set to improve significantly through a new MoU with the Quality Council of India. This partnership introduces strict third-party inspections to ensure high standards of food quality and passenger health across all catering units