അതിരപ്പിള്ളിയുടെ കാഴ്ചകൾക്ക് ഇനി ആകാശത്തോളം ഉയരം. പശ്ചിമഘട്ടത്തിന്റെ വനഭംഗിയും ചാലക്കുടിപ്പുഴയുടെ ശാന്തതയും ഒരുമിച്ചാസ്വദിക്കാൻ പുതിയ അനുഭവങ്ങളുമായി സിൽവർ സ്റ്റോം. കേബിൾ കാർ യാത്രയൊരുക്കുന്ന സ്കൈ സ്റ്റോമും, കാടിന്റെ കൗതുകങ്ങൾ അടുത്തറിയാൻ ജംഗിൾ സ്റ്റോം ഫോറസ്റ്റ് വില്ലേജും സഞ്ചാരികൾക്കായി തുറന്നു. സ്കൈ സ്റ്റോമിലെ ആദ്യ യാത്ര മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിലൂടെ കേബിൾ കാറിലുള്ള ആകാശയാത്ര. ആകാശത്ത് ഒരു ടേക്ക് ഓഫ്. കാടിന്റെ പച്ചപ്പിലേക്ക് ഒരു ലാൻഡിങ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമാകുന്ന രീതിയിലാണ് ജംഗിൾ സ്റ്റോം ഫോറസ്റ്റ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. സ്കൈ സ്റ്റോമും ജംഗിൾ സ്റ്റോമും എത്തുന്നതോടെ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് സിൽവർ സ്റ്റോം മാനേജിങ് ഡയറക്ടർ ഷാലിമാർ എ.ഐ.യുടെ വിലയിരുത്തൽ. വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് സിൽവർ സ്റ്റോമിന്റെ സ്കൈ സ്റ്റോമും ജംഗിൾ സ്റ്റോമും.