തീവണ്ടികളിൽ കൺഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്ക് അധിക ലഗേജ് സ്പേസ് ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാം. സൗജന്യ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നവരാണെങ്കിൽ പാർസൽ ഓഫീസ് മുഖേന ബുക്ക് ചെയ്യണമെന്ന നിബന്ധനയാണ് ജൂലൈ 31 മുതൽ മാറുന്നത്. കൺഫേം റിസർവേഷൻ ടിക്കറ്റുള്ളവർക്ക് മാത്രമേ ഓൺലൈനായി ലഗേജ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. റെയിൽവേയുടെ ഭാരപരിധിക്കുള്ളിൽ ലഗേജുകൾ കൊണ്ടുപോകാം.
സൗജന്യ പരിധിക്ക് മുകളിൽ ലഗേജുണ്ടെങ്കിൽ യാത്രക്കാർക്ക് അധിക ലഗേജ് ബുക്ക് ചെയ്യാം. ഓരോ വിഭാഗം കോച്ചിലും അനുവദിക്കുന്ന സൗജന്യ നിരക്ക്, ലഗേജുകളുടെ പരമാവധി ഉയരം, അനുവാദമില്ലാത്ത വസ്തുക്കൾ എന്നിവയുടെ വിവരങ്ങൾ ടിക്കറ്റ് ബുക്കിങ് സമയത്ത് ലഭിക്കും.
സൗജന്യപരിധി ഇങ്ങനെ
ഫസ്റ്റ് ക്ലാസ് എസി യാത്രക്കാർക്ക് 70 കിലോ വരെ ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാം. അധിക തുക നൽകി 150 കിലോ വരെയാണ് യാത്രക്കാരന് കൊണ്ടുപോകാൻ അനുവാദമുള്ളത്. സെക്കൻഡ് എസി യാത്രക്കാർക്ക് ഇത് യഥാക്രമം 50 കിലോയും 100 കിലോയുമാണ്. സ്ലീപ്പർ ക്ലാസിൽ യഥാക്രമം 40 കിലോ, 80 കിലോ എന്നിങ്ങനെയായി കുറയും.
സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോയാണ് സൗജന്യ ലഗേജ് പരിധി. അധിക തുക നൽകി 70 കിലോ വരെ കൊണ്ടുപോകാം. എസി 3-ടയർ, എസി 3 ഇക്കോണമി, എസി ചെയർ കാർ എന്നിവയിൽ അനുവദനീയമായ പരമാവധി ലഗേജ് പരിധി 40 കിലോഗ്രാമാണ്. ഈ കോച്ചുകളിൽ അധിക ലഗേജ് ബുക്കിങ് സൗകര്യമില്ല.
എത്ര രൂപ നൽകണം
സൗജന്യ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർ സാധാരണ ലഗേജ് നിരക്കിന്റെ 1.5 മടങ്ങ് നൽകേണ്ടി വരും. അധിക ലഗേജിനുള്ള കുറഞ്ഞ നിരക്ക് 30 രൂപയാണ്. 10 കിലോഗ്രാം സ്ലാബുകളായി ചാർജ് കണക്കാക്കും. കുറഞ്ഞത് 50 കിലോമീറ്റർ ദൂരമാണ് നിരക്കിനായി പരിഗണിക്കുക.
എങ്ങനെ ബുക്ക് ചെയ്യാം
ഇന്ത്യൻ റെയിൽവേയുടെ പാർസൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്ത് പുറപ്പെടുന്ന സ്റ്റേഷനും ലക്ഷ്യസ്ഥാനവും നൽകിയാൽ സിസ്റ്റം നിർദ്ദേശിക്കുന്ന ഓപ്ഷനുകളിൽ നിന്ന് യാത്ര ചെയ്യേണ്ട ട്രെയിൻ തിരഞ്ഞെടുക്കാം. ലഗേജിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോർവേഡിംഗ് നോട്ട് പൂരിപ്പിച്ചാൽ ഏകദേശ ചരക്ക് കൂലി ലഭിക്കും. ഫോർവേഡിംഗ് നോട്ടിന്‍റെ പ്രിന്റൗട്ട് യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ഏൽപ്പിച്ചാൽ ജീവനക്കാർ ലഗേജ് തൂക്കി നോക്കി ചരക്ക് കൂലി കണക്കാക്കും. ആവശ്യമായ തുക അടച്ച് റെയിൽവേ രസീത് കൈപ്പറ്റാം.