travel-hyma

TOPICS COVERED

ദൈനംദിന ജീവിതത്തിനിടയിലെ ടെൻഷനുകൾക്കും തിരക്കുകൾക്കും ഒടുവിൽ നമുക്ക് നമ്മളെത്തന്നെ ഒന്നു തിരിച്ചുപിടിക്കണം. അതിന് യാത്രകളേക്കാൾ നല്ലൊരു മരുന്നില്ല. മനസ് നിറക്കാൻ, ഒന്ന് ഫ്രീ ആകാൻ. യാത്ര ചെയ്യുന്നവരാണ് മിക്കയാളുകളും...എന്നാല്‍ കാലം മാറുകയാണ്. അതിനനുസരിച്ച് യാത്രാ ട്രെന്‍ഡുകളും. പുതിയ തലമുറയുടെ യാത്രാ കോണ്‍സപ്റ്റുകള്‍ തന്നെ പഴയതില്‍ നിന്ന് വ്യത്യസ്തമാണ്. 

ഇടക്കാലത്ത് സോളാ ട്രിപ്പ് ആയിരുന്നു ട്രെന്‍ഡെങ്കില്‍ ഇപ്പോഴത് അങ്ങനെയല്ല. ഇപ്പോള്‍ യാത്ര ചെയ്യുന്ന മിക്കയാളുകളും തിരഞ്ഞെടുക്കുന്നത് സാഹസികത നിറഞ്ഞ അനുഭവങ്ങൾ തേടിയുള്ള 'ഡെയർക്കേഷൻ' ആണ്. ഡെയര്‍, വെക്കേഷന്‍ എന്നീ ഇംഗ്ലീഷ് വാക്കുകൾ ചേര്‍ന്നാണ് 'ഡെയർക്കേഷൻ' എന്ന വാക്കുണ്ടായത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഭയത്തെയും വെല്ലുവിളികളെയും സ്വീകരിച്ച് സ്വന്തം പരിമിതികളെ മറികടക്കാനുള്ള യാത്രകളാണിത്. 

നമ്മുടെ കംഫർട്ട് സോണുകളിൽ നിന്ന് മാറി, നമ്മുടെ ഉള്ളിലുള്ള ഭയത്തെ നേരിട്ട് അനുഭവിച്ചറിയുക അതിലൂടെ ഭയത്തെ മറികടക്കുക എന്നാണ് ഇത്തരം യാത്രകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ ആസ്വാദനത്തിനും വിശ്രമത്തിനും പകരം സാഹസികതയ്ക്കും വെല്ലുവിളികൾക്കും മുൻഗണന നൽകുന്നു. കേവലം കാഴ്ചകൾ കാണുന്നതിനോ വെറുതെ വിശ്രമിക്കുന്നതിനോ പകരം, ശാരീരികവും മാനസികവുമായ കരുത്ത് പരീക്ഷിക്കുന്ന തരത്തിലുള്ള യാത്രകള്‍. 

ഡെയർക്കേഷൻ എന്നത് ഒരു സാധാരണ അഡ്വഞ്ചർ ടൂറിസമല്ല. ഡെയർക്കേഷനിൽ ഓരോരുത്തരുടെയും വെല്ലുവിളികൾ വ്യത്യസ്തമായിരിക്കും.ചിലർക്ക് ഒറ്റയ്ക്ക് ഒരു ബാഗും എടുത്ത് കുത്തനെയുള്ള ഒരു മലകയറ്റം ആയിരിക്കാം ഡെയർക്കേഷൻ. എന്നാൽ വേറെ ചിലർക്ക് മരുഭൂമിയിലൂടെയുള്ള യാത്ര, ആഴമേറിയ ഗുഹകൾ കീഴടക്കൽ, കുത്തിയൊഴുകുന്ന നദികളിലൂടെ തുഴഞ്ഞുപോവുക തുടങ്ങി ഭയത്തെ ആവേശമാക്കി മാറ്റുന്നതെന്തും ഡെയർക്കേഷനിൽ ഉൾപ്പെടുന്നു.പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമാണെങ്കിലും ഇതിന് പിന്നിലും ഒരു മനഃശാസ്ത്രമുണ്ട്

ഓരോ യാത്രയും മനുഷ്യനിൽ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ കഴിവുള്ളവയാണെന്ന് ശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്. ഡെയർക്കേഷൻ യാത്രകൾ മനുഷ്യനിൽ 'യൂസ്ട്രെസ്' അഥവാ പോസിറ്റീവ് ആയ മാനസിക സമ്മർദം  ഉണ്ടാക്കുന്നു. ഇത് ശ്രദ്ധ കൂട്ടാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പേടിയെ അതിജീവിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന ഈ മാറ്റം വലിയ മാനസിക ഉല്ലാസമാണ് നൽകുന്നത്. ആത്മവിശ്വാസം വീണ്ടെടുക്കാനും ഉത്കണ്ഠ കുറയ്ക്കാനുമുള്ള ഒരു തെറാപ്പിയായി പോലും ഇന്ന് പല വിദഗ്ദ്ധരും ഇത്തരം നിയന്ത്രിതമായ സാഹസിക യാത്രകളെ നിർദ്ദേശിക്കുന്നുമുണ്ട്.  

ലോകമെമ്പാടും ഈ 'ഡെയർകേഷൻ' പ്രവണത അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം സാഹസിക യാത്രകളുടെ ദൃശ്യങ്ങൾക്ക് വലിയ പ്രചാരം നൽകിയതും ട്രെന്‍ഡ് വളരാന്‍ കാരണമായി.  സാഹസിക വിനോദസഞ്ചാരത്തോടുള്ള ആളുകളുടെ താല്പര്യത്തില്‍ 75 ശതമാനം വർധനവുണ്ടായതായി അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ജെൻ-സി, 'മില്ലേനിയൽസ്' എന്നീ തലമുറകൾക്കിടയിലാണ് ഈ രീതിക്ക് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളത്.  ലഡാക്കിലെ സൻസ്കാർ വാലി, മേഘാലയയിലെ ചിറാപുഞ്ചി, ഉത്തരാഖണ്ഡിലെ ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഡെയർക്കേഷൻ നടത്താൻ പറ്റിയ സ്ഥലങ്ങളാണ്. 

അതേസമയം, കായികവുമായി ബന്ധപ്പെട്ട യാത്രകളും ‌വലിയ വളർച്ച കൈവരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കായിക-യാത്രാ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ 182 ശതമാനം വർധനവുണ്ടായതായി 'സ്പോർട്സ്കവർ ഡയറക്റ്റ്' (SportsCover Direct) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ട്രെക്കിംഗ്, പർവതാരോഹണം, മാരത്തൺ യാത്രകൾ തുടങ്ങിയവയാണ് ഇതിൽ ഏറ്റവും പ്രചാരത്തിലുള്ളവ. സ്ഥിരമായുള്ള യാത്രകള്‍ ചെയ്ത് മടുത്തവര്‍ ഇനി ഒരു വെറൈറ്റി എന്ന നിലയില്‍  'ഡെയർക്കേഷൻ' ഒന്ന് പരീക്ഷിക്കാവുന്നതാണ്.