Image: File,Manorama
റെയില്‍വേ സ്റ്റേഷനില്‍ സമയത്തെത്തുന്നത് പലവിധ കാരണങ്ങള്‍ കൊണ്ട് വൈകാം. അത്തരം സാഹചര്യങ്ങളില്‍ ട്രെയിനിന്‍റെ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാന്‍ കഴിഞ്ഞാല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന ആവശ്യം ഒടുവില്‍ റെയില്‍വേ പരിഗണിക്കുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് പുതിയ പരിഷ്കാരം നിലവില്‍ വന്നത്.
രണ്ടാമത്തെയും അവസാനത്തെയും റിസര്‍വേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വരെയാണ് ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാന്‍ കഴിയുക. ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഫൈനല്‍ ചാര്‍ട്ട് പുറത്തുവരിക. പുതിയ പരിഷ്കാരം അനുസരിച്ച് ഒന്നിലധികം ബോര്‍ഡിങ് പോയിന്‍റുകള്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ഇതോടെ കണ്‍ഫേം ആയ ടിക്കറ്റുകള്‍ നഷ്ടമാകാതെ യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴിയോ ഐആര്‍സിടിസി വഴിയോ ആണ് ബോര്‍ഡിങ് പോയിന്‍റുകള്‍ മാറ്റാന്‍ കഴിയുക.
ബോര്‍ഡിങ് പോയിന്‍റുകള്‍ ആര്‍ക്കൊക്കെ മാറ്റാം? കണ്‍ഫേം ടിക്കറ്റ് ലഭിച്ചവര്‍ക്കും ആര്‍എസിക്കാര്‍ക്കും ഇത്തരത്തില്‍ ബോര്‍ഡിങ് പോയിന്‍റുകള്‍ മാറ്റാന്‍ കഴിയും. എന്നാല്‍ ഒരു യാത്രയ്ക്കായി ഒറ്റത്തവണ മാത്രമേ ബോര്‍ഡിങ് പോയിന്‍റില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ. ഫൈനല്‍ ചാര്‍ട്ട് റെയില്‍വേ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി വേണം ബോര്‍ഡിങ് മാറ്റത്തിനായി ശ്രമിക്കേണ്ടത്. ബോര്‍ഡിങ് മാറ്റം അനുവദിച്ചാല്‍ പിന്നെ അത് മാറ്റാനും കഴിയില്ല. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകാര്‍ക്ക് ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാന്‍ കഴിയില്ല.
ബോര്‍ഡിങ് പോയിന്‍റ് മാറ്റുന്നതിങ്ങനെ: IRCTC വെബ്സൈറ്റിലോ ആപ്പിലോ ലോഗിന്‍ ചെയ്യുക> മൈ അക്കൗണ്ട് തിരഞ്ഞെടുക്കുക> മൈ ട്രാന്‍സാക്ഷന്‍> ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി> ചെയ്ഞ്ച് ബോര്‍ഡിങ് പോയിന്‍റ്> ഏത് സ്റ്റേഷനാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക> ഓക്കെ കൊടുക്കുക> ഇതിന് പിന്നാലെ കണ്‍ഫര്‍മേഷന്‍ നോട്ടിഫിക്കേഷനും എസ്എംഎസും ലഭിക്കും.
ഓണ്‍ലൈനായല്ലാതെ, റെയില്‍വേ കൗണ്ടര്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ബോര്‍ഡിങ് പോയിന്റുകള്‍ മാറ്റാം. ഏറ്റവുമടുത്ത പിആര്‍എസ് കൗണ്ടറിലെത്തിയാല്‍ മതി.