ട്രെയിന്‍ യാത്രക്കാരാണെങ്കില്‍ ഏറ്റവും പ്രയാസപ്പെടുന്ന കാര്യം ശുചിമുറിയുടെ വൃത്തിയാണ്. ദീര്‍ഘദൂര ട്രെയിനുകളാണെങ്കില്‍ പറയുകയും വേണ്ട. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാകും ഇത്തരം ട്രെയിനുകളിലെ വൃത്തി രൂക്ഷമായി അറിഞ്ഞിട്ടുണ്ടാവുക. ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളിലെ ശുചിമുറികളുടെ കാര്യത്തില്‍ അവസാനം റെയില്‍വേ ഇടപെടുകയാണ്.
യാത്രാവേളകളില്‍ തന്നെ ജനറല്‍ കംപാര്‍ട്ട്മെന്‍റുകളിലെ ശുചിമുറികള്‍ വൃത്തിയാക്കുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇതിനൊപ്പം വാഷ് ബേസിനുകളും വൃത്തിയാക്കും. ഓടുന്ന ട്രെയിനില്‍ ജനറല്‍ കോച്ചുകളിലെ മാലിന്യങ്ങള്‍ മാറ്റുന്നതും നടപ്പിലാക്കും. ആദ്യമായാണ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ ഈ സംവിധാനം കൊണ്ടുവരുന്നത്. നിലവില്‍ റിസര്‍വ്ഡ് കോച്ചുകളില്‍ മാത്രമാണ് ശുചീകരണം നടക്കുന്നത്.
ശുചിമുറികള്‍ വൃത്തിയാണോ എന്ന് ഓരോ രണ്ടു മണിക്കൂറിലും ഉറപ്പാക്കും. ക്ലീന്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന ആശയം ട്രെയിനുകളിലേക്ക് കൂടി വ്യാപിപ്പിക്കുയാണെന്നും ട്രെയിനിന്‍റെ ആരംഭം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇത് ഉറപ്പാക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശുചിമുറികൾ, മാലിന്യ ബിന്നുകൾ, ക്യാബിൻ ഇന്റീരിയറുകൾ, ജല ലഭ്യത, ലൈറ്റ്, ഫാന്‍ പോലുള്ള ചെറിയ വൈദ്യുത, മെക്കാനിക്കൽ തകരാറുകൾ എന്നിവ യാത്രയിലുടനീളം പരിഹരിക്കപ്പെടും.
തിരക്കേറിയ 80 ദീര്‍ഘദൂര ട്രെയിനുകളിലാണ് പദ്ധതി നടപ്പിലാക്കുക. ഓരോ റെയില്‍വേ സോണിലെയും 4-5 ട്രെയിനുകളില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. അടുത്ത ആറു മാസത്തിനുള്ളില്‍ പദ്ധതി നിലവില്‍ വരും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും പദ്ധതി നടപ്പിലാക്കും.