വിദേശത്ത് നിന്നും സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് നേട്ടമമായി ബാഗേജ് നിയമത്തില്‍ മാറ്റം. മൂല്യം കണക്കാക്കി ആഭരണങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കുന്ന പഴയ രീതി ഒഴിവാക്കി. നേരത്തെ നിലവിലുള്ള അളവില്‍ തന്നെ മൂല്യം നോക്കാതെ ഇനി സ്വര്‍ണം കൊണ്ടുവരാം. സ്വര്‍ണ വില കുത്തനെ ഉയരുന്ന സമയത്ത് മൂല്യം കണക്കാക്കി ഇളവ് അനുവദിക്കുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. 

 

കസ്റ്റംസ് ബാഗേജ് (ഡിക്ലറേഷൻ ആൻഡ് പ്രോസസിംഗ്) റെഗുലേഷൻസ്, ബാഗേജ് റൂൾസ് 2026 എന്നിവയ്ക്ക് കീഴിലാണ്  പരിഷ്കാരങ്ങൾ. മാറ്റങ്ങള്‍ ഫെബ്രുവരി രണ്ടു മുതല്‍ നിലവില്‍ വന്നു. ഇതോടെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ച ശേഷം തിരികെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഭാരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ഫ്രീയായി സ്വര്‍ണം കൊണ്ടുവരാം. സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണവും മറ്റുള്ളവര്‍ക്ക് 20 ഗ്രാം സ്വര്‍ണവുമാണ് അളവ്. 15 വയസിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ 40 ഗ്രാം സ്വര്‍ണം നികുതി നല്‍കാതെ കൊണ്ടുവരാം.  

 

നേരത്തെ ഇന്ത്യക്കാര്‍ക്ക് മൂല്യ അടിസ്ഥാനമാക്കിയായിരുന്നു നികുതി ഇളവ് ലഭിച്ചിരുന്നത്. 40 ഗ്രാം കൊണ്ടുവരാമായിരുന്നെങ്കിലും മൂല്യം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലായിരുന്നു. പുരുഷന്മാരാണെങ്കില്‍ 20 ഗ്രാം സ്വര്‍ണം 50,000 രൂപയില്‍ അധികമാകാന്‍ പാടില്ല എന്നായിരുന്നു നിയമം. 

 

നിലവിലെ വില പ്രകാരം 22 കാരറ്റ് സ്വര്‍ണാഭാരണങ്ങളാണെങ്കില്‍ സ്ത്രീകള്‍ക്ക് 5.50 ലക്ഷം രൂപയുടെ സ്വര്‍ണം വിദേശത്തു നിന്നും കൊണ്ടുവരാം. നേരത്തെയിത് ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലായിരുന്നു. പുതിയ വില പ്രകാരം, പുരുഷന്മാര്‍ക്ക് 2.78 ലക്ഷം രൂപയുടെ സ്വര്‍ണം കൊണ്ടുവരാം.

 

ഉയര്‍ന്ന അളവില്‍ സ്വര്‍ണം കൊണ്ടുവരാന്‍ ഇറക്കുമതി തീരുവ നല്‍കിയാല്‍ മതി. സ്വര്‍ണത്തിന് ആറു ശതമാനമാണ് ഇറക്കുമതി തീരുവ. സെസും ജിഎസ്ടിയും ചേരുമ്പോള്‍ മൊത്തം കസ്റ്റംസ് തീരുവ ഒന്‍പത് ശതമാനമാകും. അതേസമയം, ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി 75000 രൂപയാക്കി ഉയര്‍ത്തി. 18 വയസ് പൂര്‍ത്തിയായ യാത്രക്കാരന് ഒരു ലാപ്ടോപ് നികുതിയില്ലാതെ കൊണ്ടുവരാം. നേരത്തെ 75000 രൂപയായിരുന്നു പരിധി. 

ENGLISH SUMMARY:

Changes in gold baggage rules offer significant benefits to those importing gold from abroad, eliminating the old method of calculating tax based on value and now allowing gold to be brought in based on quantity. This revised approach, effective from February 2nd, brings much-needed relief to expatriates, especially during periods of rising gold prices.