ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിദേശയാത്രകള്‍ നടത്തുമ്പോള്‍. വിസയിലുണ്ടാകുന്ന പല പ്രശ്നങ്ങളും കാരണം യാത്രകള്‍ മുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ശരിയായാലും വിമാനത്തില്‍ കേറാന്‍ പോകുന്നതിന് മുന്‍പും യാത്ര മുടങ്ങാന്‍ സാധ്യതയുണ്ട്. പലരും പാസ്പോര്‍ട്ടിന്റെ കാലാവധിയും മറ്റും ശ്രദ്ധിക്കുമ്പോഴും അതിന്റെ കോടുപാടുകള്‍ അത്ര കാര്യമാക്കാറില്ല. എന്നാല്‍ പാസ്പോര്‍ട്ടിലുണ്ടാകുന്ന ചെറിയ കേടുപാടുകള്‍പോലും യാത്രയ്ക്ക് തടസമായേക്കാം. പലരും കാലഹരണപ്പെടാത്ത പാസ്‌പോർട്ട് മാത്രം മതിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേപോലെ പ്രധാമാണ് പാസ്പോര്‍ട്ടിന്റെ വൃത്തിയും.
പാസ്പോട്ടിലെ കീറലുകള്‍, പേജുകളിലെ ചുളിവുകള്‍, മറ്റെന്തെങ്കിലും പാടുകള്‍, ഡേറ്റാ ചിപ്പിലുണ്ടാകുന്ന സ്ക്രാച്ചുകള്‍ തുടങ്ങിയവയെല്ലാം പാസ്പോര്‍ട്ട് നിരസിക്കാനും തുടര്‍ന്ന് യാത്ര തടസപ്പെടാനുമുള്ള കാരണമായി മാറാം. ഇമിഗ്രേഷന്‍ പരിശോധനയില്‍ പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള പാസ്പോര്‍ട്ടുകള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഉണ്ടാവുക.
ഇപ്പോള്‍ കിട്ടുന്ന പാസ്പോര്‍ട്ടുകളില്‍ എംബഡഡ് ചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ റീഡബിൾ സോണുകൾ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കേടായാല്‍ സ്കാനറുകള്‍ക്ക് പാസ്പോര്‍ട്ട് റീഡ് ചെയ്യാന്‍ സാധിക്കില്ല. പാസ്‌പോർട്ട് കീറുകയോ മറ്റ് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അതിൽ കൃത്രിമത്വം ഉണ്ടെന്നോ വ്യാജരേഖ ചമച്ചതോ ആണെന്ന് ഉദ്യോഗസ്ഥർ സംശയിച്ചേക്കാം.
ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ചെറിയ ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ യു.എസ് പോലുള്ള രാജ്യങ്ങള്‍ പാസ്പോര്‍ട്ടിന്റെ കാര്യത്തില്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചിപ്പ് റീഡാകാതെ വന്നാലോ പേജുകളില്‍ മഷി പടര്‍ന്നാലോ അമേരിക്കയില്‍ യാത്ര നിഷേധിക്കകയാണ് പതിവ്.
യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് പാസ്പോര്‍ട്ടിന് മറ്റ് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഈർപ്പം, അഴുക്ക് എന്നിവ തടയാനായി സ്ഥിരമായി ഒരു കവര്‍ ഉപയോഗിക്കാം. പാസ്പോര്‍ട്ടില്‍ എഴുതുകയോ മറ്റെന്തെങ്കിലും അടയാളപ്പെടുത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക. യാത്രയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കാലാവധി കഴിഞ്ഞതോ കേടുപാടകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ പുതുക്കുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം.