ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്കയെയും ബ്രിട്ടനെയും പിന്നിലാക്കി യുഎഇ അഞ്ചാം സ്ഥാനം സ്വന്തമാക്കി. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യുഎഇ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ലോകത്തെ 184 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വീസയില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഇതോടെ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ലോകത്ത് ഏറ്റവും വേഗത്തിൽ കരുത്ത് വർധിപ്പിച്ച പാസ്‌പോർട്ടെന്ന ഖ്യാതിയും യുഎഇയ്ക്ക് സ്വന്തം.
192 രാജ്യങ്ങളിലേക്ക് പ്രവേശനാനുമതിയുള്ള സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ജപ്പാനും ദക്ഷിണകൊറിയയും രണ്ടാം സ്ഥാനത്തെത്തി. യുകെ, കാനഡ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ ശക്തമായ യാത്രാ രേഖകളെ പിന്നിലാക്കിയാണ് യുഎഇ പാസ്‌പോർട്ട് ഇപ്പോൾ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. യുഎഇയുടെ നയതന്ത്ര ശ്രമങ്ങളുടെയും സജീവമായ അന്താരാഷ്ട്ര ഇടപെടലുകളുടെയും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തിയതിന്റെയും ഫലമാണ് ഈ നേട്ടം.