രാമായണ മാസത്തിന്റെ പുണ്യവുമായി നാലമ്പല ദർശനത്തിന് തുടക്കം. കർക്കടകം ഒന്ന് മുതൽ ഒരു മാസമാണ് തൃശൂരിലെ നാലമ്പല ക്ഷേത്രങ്ങളിൽ ദർശനകാലം. വലിയ ക്രമീകരണങ്ങളാണ് ദർശനത്തിനായി ഒരുക്കിയിരുക്കുന്നത്.
ശ്രീരാമ ഭക്തി നിറയുന്ന കാലമിങ്ങെത്തി, ഇനി രാമായണം നിറയുന്ന നാലമ്പലങ്ങിലൂടെയുള്ള ഭക്തിനിർഭരമായ യാത്രയാണ്. ശ്രീരാമനെയും സഹോദരന്മാരെയും ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ ദേവന്മാരെയും പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലാണ് ദർശനം. തൃശൂർ ജില്ലയിലെ തൃപ്രയാർ, കൂടൽമാണിക്യം,മൂഴിക്കുളംഎറണാകുളം ജില്ലയിലെ പായമ്മൽ എന്നിവിടങ്ങിലൂടെയായിരിക്കും പതിനായിരങ്ങളുടെ യാത്ര.
തൃപ്രയാറിൽ ശ്രീരാമനെ ദർശിച്ച് തീർത്ഥാടനം ആരംഭിക്കും. നാലു ദേവന്മാരുടെയും അനുഗ്രഹം വാങ്ങ തൃപ്രയാറിൽ ഒരിക്കൽ കൂടിയെത്തുന്ന ഒട്ടേറെ വിശ്വസികളുണ്ട്. തൃപ്രയാറിൽനിന്ന് നേരെ കൂടൽമാണിക്യം ഭരത സന്നിധിയിലേയ്ക്കാണ്.
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ തിരികെയെത്തി നാലമ്പല ദർശനം ആവസാനിപ്പിക്കണമെന്ന് വിശ്വസിക്കുന്നവരുമുണ്ട് . നാലമ്പല ദർശനത്തിനായി കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
തൃപ്രയാറിൽ തുടങ്ങി പായമ്മലിൽ അവസാനിക്കുന്ന നാലമ്പലങ്ങളിലൂടെ കടന്നുപോകുമ്പോൾ രാമായണം അല്ലെങ്കിൽ രാമൻ്റെ യാത്ര തങ്ങൾ നടത്തി എന്ന അനുഭൂതിയാണ് ഭക്തർക്ക് ലഭിക്കുന്നത്. രാമായണം വായിക്കുന്നതിന് തുല്യമാണിതെന്നും ശ്രീരാമഭക്തർ കരുതുന്നു.