നന്നായി പണിയെടുക്കുക പറ്റാവുന്നത്ര യാത്ര പോവുക. പറഞ്ഞുതരുന്നത് ധോണിയിലെ ഗംഗാധരനും ഭാര്യ പ്രേമലതയെയും പറ്റിയാണ്. ഒരു ചെറിയ ചായക്കട നടത്തി ഇരുവരും കണ്ടുതീര്‍ത്തത് പത്തിലധികം രാജ്യങ്ങളാണ്. ജീവിതത്തില്‍ എന്ത് നേടിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ജീവിതം തന്നെ നേടിയെന്നാണ് ഇരുവരുടേയും മറുപടി.
ധോണി എന്ന കൊച്ചു ഗ്രാമം. വയലും തോടും നിറഞ്ഞ നല്ല ഗ്രാമീണഭംഗിയുള്ള നാട്. അവിടെയാണ് ഗംഗാധരന്‍റെ ചായക്കട. ഭാര്യ പ്രേമലതക്കൊപ്പം 44 വര്‍ഷമായി നടത്തി വരുന്ന നാന്‍സി എന്ന പേരിലൊരു സംരഭം. പറഞ്ഞുവരുന്നത് ചായക്കടയെ പറ്റിയല്ല. നാടിനേയും നാട്ടുകാരെയും ഭക്ഷണമൂട്ടി സ്വപ്‌നങ്ങള്‍ക്കു ജീവന്‍വെപ്പിക്കുന്ന ഇരുവരേയും പറ്റിയാണ്.
ചായക്കടയില്‍ നിന്ന് കിട്ടുന്ന വരുമാനം വെച്ച് ഇരുവരും കണ്ടത് പത്തിലധികം രാജ്യങ്ങള്‍. നേപ്പാള്‍, ഭൂട്ടാന്‍, അബുദാബി, ദുബായ് അങ്ങനെ അങ്ങനെ. പണ്ടുകണ്ട കിനാവുകള്‍ കൂടി ഇന്നീ ചായക്കടയില്‍ വേവുന്നുണ്ടെന്ന് ഗംഗാധരേട്ടന്‍. പ്രേമലത ചേച്ചിക്കൊപ്പമുള്ള ജീവിതയാത്ര തുടങ്ങിയിട്ട് 50 കൊല്ലങ്ങളായെങ്കിലും ലോകസഞ്ചാരം തുടങ്ങിയത് പത്തുവര്‍ഷം മുമ്പാണ്. ലക്ഷദ്വീപാണ് അടുത്ത ലക്ഷ്യം. മക്കളില്‍ നിന്നോ മറ്റോ ഒരു രൂപ വാങ്ങില്ല. സ്വയം അധ്വാനിക്കും. പണം തികഞ്ഞാല്‍ യാത്ര. ഇതുകൊണ്ടൊക്കെ എന്ത് കിട്ടുന്നുവെന്ന് ചോദിച്ചാല്‍ ഒറ്റഉത്തരം..സമാധാനം. ഇരുവരുടെ യുവത്വം വരേ ഇരുട്ടായിരുന്നു. ആ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ്. വെളിച്ചം നല്‍കുന്നത് മനോഹരമായ യാത്രകളും.