പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയായാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കുന്നത്. ഇതോടെ രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ അധികസമയമാണ് പലയിടത്തേക്കുമുള്ള യാത്രകള്‍ക്ക് വേണ്ടിവരുന്നത്. ഇതില്‍ തന്നെ വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെയാണ് പാകിസ്ഥാന്‍റെ നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
പാകിസ്ഥാന്‍ വ്യോമപാത അടച്ചതോടെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കാൻ എടുക്കുന്ന സമയം ഏകദേശം നാലര മണിക്കൂറായിട്ടാണ് വര്‍ധിച്ചത്. പാകിസ്ഥാന്‍റെ മുകളിലൂടെയല്ലാതെ ഡൽഹിയിൽ നിന്ന് വടക്കേ അമേരിക്കയിലെ നഗരങ്ങളിലേക്ക് പറക്കേണ്ടിവരുമ്പോള്‍ ഇത്തരം വിമാനങ്ങള്‍ക്ക് ഇന്ധന സ്റ്റോപ്പ് ആവശ്യമാണ്. ഇതിനായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലും എയർ ഇന്ത്യ ഇന്ധന സ്റ്റോപ്പുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 പ്രകാരം ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള AI127 വിമാനം സാധാരണയായി പാകിസ്ഥാന്റെ വ്യോമാതിർത്തിയിലൂടെയാണ് പറക്കാറുള്ളത്. ഇത്തരത്തില്‍ 14 മണിക്കൂറും 47 മിനിറ്റും എടുത്ത് 12,500 കിലോമീറ്റർ സഞ്ചരിച്ചാണ് വിമാനം ചിക്കാഗോയില്‍ എത്തിയിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ വ്യോമപാത അടച്ചതോടെ പാകിസ്ഥാന്റെ വ്യോമാതിർത്തി ഒഴിവാക്കി സഞ്ചരിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാൻ ഒരു സ്റ്റോപ്പ് എടുക്കേണ്ടി വരുന്നു. ഇത്തരത്തില്‍ 15,000 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരുമെന്നും ചിക്കാഗോയിലെത്താൻ 19 മണിക്കൂറിലധികം എടുക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.
സമാന അവസ്ഥയാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI174 വിമാനത്തിന്‍റേതും. മുന്‍പ് 15 മണിക്കൂറും 25 മിനിറ്റും എടുത്തിരുന്ന യാത്രയ്ക്ക് വിയന്നയിൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റോപ്പ് ഉള്ളതിനാൽ ഡൽഹിയിലെത്താൻ ഇപ്പോൾ ആകെ 20 മണിക്കൂറിൽ കൂടുതലെടുക്കും. ഡൽഹിയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിലേക്ക് 2 മണിക്കൂർ 18 മിനിറ്റ് എടുത്തിരുന്ന ഇൻഡിഗോ ഫ്ലൈറ്റ് 6E1806 ഇപ്പോൾ 5 മണിക്കൂർ 30 മിനിറ്റ് എടുത്ത് ഇറാൻ, തുർക്ക്‌മെനിസ്ഥാൻ വഴിയാണ് സഞ്ചരിക്കുന്നത്. വടക്കേ അമേരിക്കയിൽ നിന്നുള്ള ചില എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുമ്പോളും ഇന്ധനം നിറയ്ക്കാൻ വിയന്നയിലോ കോപ്പൻഹേഗനിലോ നിർത്തുന്നുണ്ട്.
ഏപ്രിൽ 24 നാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചത്. പിന്നാലെയുണ്ടായ അഞ്ച് ദിവസങ്ങളില്‍ എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ 600 ഓളം അന്താരാഷ്ട്ര വിമാനങ്ങൾ തടസ്സപ്പെട്ടതായി മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനം നിറയ്ക്കാൻ ഏകദേശം 120 വിമാനങ്ങൾക്ക് അധിക സ്റ്റോപ്പുകള്‍ വേണ്ടിവന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് അറബിക്കടലിന് മുകളിലൂടെ പറക്കേണ്ടതായി വരുന്നു. മുംബൈ, അഹമ്മദാബാദ് വഴിയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ അറബിക്കടൽ കടന്ന് മസ്കറ്റിലെത്തി തുടർന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നത്. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ പോകുന്നതും അവിടെനിന്ന് പുറപ്പെടുന്നതോ ആയ ചില എയർ ഇന്ത്യ വിമാനങ്ങൾക്ക് ദീർഘദൂര റൂട്ട് സ്വീകരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.