Image Credit: instagram.com/varoun_r

‘ബസിന് സൈഡ് കൊടുത്തപ്പോള്‍ ഹോണ്‍ മുഴക്കി നന്ദി പറയുന്ന ഡ്രൈവര്‍, ലെവല്‍ ക്രോസിന് മുന്നില്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന വാഹനങ്ങള്‍, അലഞ്ഞുതിരിയുന്ന മൃഗങ്ങളില്ലാത്ത റോഡുകള്‍...’ഒരു സഞ്ചാരി കണ്ട കേരളത്തിലെ കാഴ്ചകളാണ്. ആര്‍.വരുണ്‍ എന്ന യുവാവ് കേരളത്തിലൂടെ സഞ്ചരിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ തരംഗമായി. മില്യനിലേറെ കാഴ്ചക്കാരെ ലഭിച്ച റീലിന് ചുവടെ രസകരമായ കമന്‍റുകളുമായി മലയാളികളും എത്തുന്നുണ്ട്.

‘15 ദിവസം ഞാന്‍ കേരളത്തിലൂടെ സഞ്ചരിച്ചു. അതില്‍ എനിക്ക് പറയാനുള്ളത് ഇതാണ്... പെര്‍ഫക്ട് അല്ലെങ്കില്‍ പോലും വാഹനമോടിക്കുന്ന രീതിയിൽ ഇവിടെ ആളുകള്‍ കൃത്യമായ ക്രമം പിന്തുടരുന്നു. റോഡുകളെയും റോഡിലെ വരകളെയും ഡ്രൈവര്‍മാര്‍ ബഹുമാനിക്കുന്നു. പരസ്പരം സംസാരിച്ചില്ലെങ്കില്‍പോലും ഡ്രൈവര്‍മാര്‍ക്കിടയില്‍ ഒരു പരസ്പര ധാരണയുള്ളതുപോലെ തോന്നി. ഇതില്‍ എന്നെ ആകര്‍ഷിച്ച ഒരു ദൃശ്യമുണ്ട്. ഒരു ബസിന് സൈഡ് കൊടുത്തപ്പോള്‍ ആ ഡ്രൈവര്‍ നന്ദി പറയുന്നതുപോലെ എനിക്കായി ഹോണ്‍ മുഴക്കി. ചെറുതെങ്കിലും സൗമ്യമായ ഒരു പ്രതികരണം. മാത്രമല്ല, റോഡുകളിൽ മൃഗങ്ങള്‍ അലഞ്ഞുതിരിയുന്നത് എവിടെയും കണ്ടില്ല. ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ് അങ്ങിനെയൊരു സ്ഥലം...’ – വരുണ്‍ പറയുന്നു.

‘അശ്രദ്ധമായി വാഹനമോടിക്കുന്ന അപൂര്‍വം ചില സന്ദര്‍ഭങ്ങളും എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം രീതികള്‍ക്ക് നാട്ടുകാര്‍ വിലനല്‍കുന്നില്ല. ഇവിടെ റോഡിലെ അച്ചടക്കം ഒരു നിയമമല്ല, മറിച്ച് പൊതുവായ ധാരണയാണ്.’ ഒരു ലെവല്‍ ക്രോസില്‍ ട്രെയിന്‍ കടന്നുപോകുന്നതിനായി കാത്തുകിടക്കുന്ന വാഹനങ്ങളുടെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വരുണിന്‍റെ പോസ്റ്റ്.

വരുണിന്‍റെ പോസ്റ്റിന് താഴെ രസകരമായ കമന്‍റുകളുമായി മലയാളികളുമെത്തുന്നുണ്ട്. ‘അന്നേദിവസം മര്യാദ കാണിച്ച് മാനം രക്ഷിച്ച എല്ലാ മലയാളികൾക്കും നന്ദി നന്ദി നന്ദി! തുടരുക!’ എന്നാണ് ഒരാള്‍ തമാശരൂപേണ കുറിച്ചത്. ‘സത്യം പറഞ്ഞാല്‍ കണ്ടിട്ട് ഞാനും ഒന്ന് ഞെട്ടിപ്പോയി’ എന്ന് മറ്റൊരാളും കുറിച്ചു. ‘കേരളം പൊളി ആണ്. പൊതുവെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്. അത് ഏത് മേഖലയിൽ ആണെങ്കിലും’ എന്ന് മറ്റൊരാളും കുറിച്ചു.

ENGLISH SUMMARY:

R. Varun's Instagram reel, showcasing the scenic roads and kind gestures of Kerala, has gone viral, receiving over a million views. The reel highlights beautiful moments such as courteous drivers and peaceful roads.