ചിത്രം: https://www.instagram.com/kaamya.sahas/

ചിത്രം: https://www.instagram.com/kaamya.sahas/

2024 മേയ് 20, സമയം രാവിലെ 12.15.. എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ ഇന്ത്യയില്‍ നിന്നുള്ള പതിനാറുകാരി കാമ്യ അഭിമാനപൂര്‍വം നിന്നു. ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെണ്‍കുട്ടി, നേപ്പാളില്‍ നിന്നും എവറസ്റ്റിന്‍റെ നെറുകയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി. അതിലുപരി എട്ട് വര്‍ഷത്തെ സ്വപ്ന സാഫല്യം. ആരെയും മോഹിപ്പിക്കുന്ന ലോകത്തോളം വലിയ ആ നേട്ടത്തെ കുറിച്ച് പ്ലസ്ടു വിദ്യാര്‍ഥിയായ കാമ്യ മനോരമന്യൂസ്.കോമിനോട് മനസ് തുറക്കുന്നു.

എവറസ്റ്റിന് മുകളിലേക്ക് അമ്മയുടെ ശബ്ദം

ഏപ്രില്‍ അഞ്ചിനാണ് എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. മൂന്നാമത്തെ ക്യാംപില്‍ നിന്നും നാലാമത്തെ ക്യാംപിലേക്കുള്ള യാത്ര അതീവ ദുര്‍ഘടമായിരുന്നു. കാറ്റ് അതിഭീകരമായി വീശാന്‍ തുടങ്ങി. മഞ്ഞ് വീണ് ഗ്ലാസിന്റെ കാഴ്ച മറച്ചു.  സാധാരണ എല്ലാവരും രാത്രി ഒന്‍പതര നേരത്താണ് മുകളിലെത്താറുള്ളത്. പക്ഷേ കാലാവസ്ഥ പ്രതികൂലമായതോടെ പിറ്റേന്ന് രാവിലെ എഴെട്ട് മണിയോടെയാണ് മലമുകളില്‍ എത്താന്‍ കഴിഞ്ഞത്. മുകളിലേക്ക് കയറാന്‍ സാധിക്കുമെന്ന് ഷെര്‍പ സാഹിബ് പറഞ്ഞതോടെയാണ് ശ്വാസം വീണത്. അതുവരെ വലിയ മാനസിക പ്രയാസമുണ്ടായി. ഉച്ചക്ക് 12.15 ന് എവറസ്റ്റിന്റെ മുകളിലെത്താന്‍ സാധിച്ചു.

kamya-mountain-01

എവറസ്റ്റിന്‍റെ മുകളിലെത്തിയതും ഷെര്‍പയോട് ആദ്യം പറഞ്ഞത് എനിക്കെന്‍റെ അമ്മയോട് ഒന്ന് സംസാരിക്കണമെന്നാണ്. പറഞ്ഞറിയിക്കാനാവാത്ത അത്രയും സന്തോഷമായിരുന്നു. അപകടങ്ങളൊന്നുമില്ലാതെ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞെന്ന് അറി‍ഞ്ഞതോടെ അമ്മയും ഹാപ്പി. അസ്ഥി തുളയുന്ന തണുപ്പുണ്ടായിരുന്നു. പക്ഷേ സൂര്യന്‍ തല നീട്ടി വെട്ടം തന്നു. തിരക്ക് കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് അച്ഛന് എവറസ്റ്റിന് മുകളിലെത്താന്‍ കഴിഞ്ഞത്.

അച്ഛന്‍റെ സ്വപ്നം, എന്‍റെയും

അച്ഛന്‍ മലകയറുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ചിലപ്പോഴൊക്കെ ഒരുമാസത്തോളം സമയമെടുത്താണ് മടങ്ങി വന്നിരുന്നത്. അപ്പോഴൊക്കെ ഞാന്‍ അമ്മയോട് ചോദിക്കും, നമ്മളെ രണ്ടാളെയും ഇവിടിയിട്ടിട്ട് അച്ഛന്‍ ഈ മലമുകളിലേക്ക് എന്തിനാണ് പോകുന്നത്? അവിടെ എന്താണ് ഇരിക്കുന്നത്  എന്ന്. ചോദ്യം ആവര്‍ത്തിക്കാന‍് തുടങ്ങിയതോടെ ഏഴാം വയസില്‍ അമ്മ എന്നെയും അച്ഛനൊപ്പം കൊണ്ടു പോയി. പിന്നീടങ്ങോട്ട് മലകയറുമ്പോള്‍ അച്ഛന്‍ എന്നെയും ഒപ്പം കൂട്ടി. 2017 ല്‍ 6000 അടി ഉയരത്തില്‍ ലേ– ലഡാക് കയറിയതോടെയാണ് എവറസ്റ്റ് സാധ്യമാണെന്ന ആത്മവിശ്വാസം ഉണ്ടായത്. അന്ന് മുതല്‍ തുടങ്ങിയ തീവ്ര പരിശ്രമമാണ്. 

മുംബൈയിലായത് കൊണ്ട് തന്നെ ഫ്ലാറ്റിലായിരുന്നു പ്രധാന പരിശീലനം.ശനി, ഞായര്‍ ദിവസങ്ങളില്‍ 20 കിലോ ഭാരമുള്ള ബാഗും ചുമന്ന് ഫ്‌ലാറ്റിന്റെ മുകളിലെ നില മുതല്‍ താഴെ വരെ 10 മുതല്‍ 15 തവണ അച്ഛനും ഞാനും കയറി ഇറങ്ങുമായിരുന്നു. സൈക്ലിങും ഓട്ടവുമായിരുന്നു മറ്റ് പരിശീലനങ്ങള്‍. ഇതിന് പുറമെ മുംബൈയിലും പരിസരത്തുമുള്ള ട്രെക്കിങുകള്‍ക്കെല്ലാം പോയി ശാരീരിക ക്ഷമത വര്‍ധിപ്പിച്ചു. 

മനസ് തളരുമ്പോള്‍ വന്ന വഴി ഓര്‍ക്കും 

പര്‍വതാരോഹണമാണ് എനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ സമയത്ത് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന പര്‍വതാരോഹകരിലൊരാളെ കണ്ടുമുട്ടിയിരുന്നു. കണ്ട് മടങ്ങുമ്പോള്‍ സ്നേഹത്തോടെ അദ്ദേഹം പറഞ്ഞത് രണ്ട് കാര്യങ്ങളാണ്..' മല കയറുന്നതിനിടെ ഇനി ഒരടി മുന്നോട്ട് വയ്ക്കാന്‍ പറ്റില്ലെന്ന് തോന്നുന്ന സാഹചര്യമുണ്ടാകും. അപ്പോള്‍ മുകളിലേക്ക് നോക്കണം. ഒരു കാലെടുത്ത് മുന്നോട്ട് വയ്ക്കണം. വീണു പോകുമെന്ന് മനസ് പതറുമ്പോള്‍ മുന്നിലുള്ള മലയുടെ വലിപ്പത്തെ കുറിച്ച് ആലോചിക്കരുത്, പകരം എത്ര ഉയരത്തിലേക്കാണ് വന്നതെന്ന് തിരിഞ്ഞ് നോക്കണം. ആ നിമിഷം ഒരു ഊര്‍ജം മനസിലേക്ക് കയറി വരും. മുന്നോട്ട് താനെ പൊയ്ക്കോളും'.. ഈ വാക്കുകള്‍ എവറസ്റ്റ് കയറുമ്പോള്‍ മാത്രമല്ല, മനസ് പതറുമ്പോഴെല്ലാം എനിക്ക് ഊര്‍ജമായിട്ടുണ്ട്. ജോര്‍ജ് മാലറിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ജെഫ്രി ആര്‍ച്ചര്‍ എഴുതിയ 'പാത്​സ് ഓഫ് ഗ്ലോറി' എനിക്കെന്ത് ഇഷ്ടമാണെന്നോ..നാലഞ്ച് പ്രാവശ്യം ആര്‍ത്തിയോടെ ഞാനാ പുസ്തകം വായിച്ചിട്ടുണ്ട്. 

ഈ യാത്രയില്‍ 'ചിക്കന്‍' മിസായി

അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ കടുത്ത ആരാധികയാണ് ഞാന്‍. ക്യാംപിലായിരുന്നപ്പോള്‍ ഏറ്റവുമധികം മിസ് ചെയ്തതും അതാണ്. ദൗത്യത്തോട് അനുബന്ധിച്ച് സസ്യാഹാരമാണ് രണ്ടുമാസവും കഴിച്ചത്. ചിക്കന്‍ കഴിക്കാന്‍ കൊതിയാകുന്നുണ്ട്. നാട്ടിലെത്തട്ടെ. പര്‍വതാരോഹകരെ സംബന്ധിച്ച് എന്തും കഴിക്കണമെന്നാണ് പ്രമാണമെന്നാണ് ഞാന്‍ മനസിലാക്കിയത്. പര്‍വതാരോഹണം കൊണ്ട് ജീവിതത്തിലുണ്ടാകുന്ന ഗുണങ്ങളിലൊന്നാണത്. ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ പഠിക്കും ഒപ്പം അച്ചടക്കവും മനസാന്നിധ്യവും ശീലമാകും. 

അമ്മയാണെന്‍റെ പാട്ട്, കൂട്ടിന് നൃത്തവും

മലകയറുന്നത് പോലെ എനിക്ക് സന്തോഷം തരുന്നത് ഭരതനാട്യമാണ്. എന്താകണമെന്നെല്ലാം ചിന്തിച്ച് തുടങ്ങുന്ന പ്രായത്തില്‍ അമ്മ എനിക്ക് കര്‍ണാടക സംഗീതവും ഭരതനാട്യവും അച്ഛന്‍ മലമടക്കുകളെയും പരിചയപ്പെടുത്തി. നിനക്ക് ഇഷ്ടമുള്ള വഴി നീ തിരഞ്ഞെടുത്തോളൂ ഞങ്ങളൊപ്പമുണ്ടാകുമെന്നായിരുന്നു രണ്ടാളുടെയും മറുപടി. ഞാന്‍ രണ്ടും മനസോടെ സ്വീകരിച്ചു. പറ്റാവുന്നത്രയും നാള്‍ ഇതുപോലെ മല കയറാന്‍ കഴിയണമെന്നാണ് എന്റെ ആഗ്രഹം. 

പാലക്കാട് കല്‍പ്പാത്തിയിലാണ് കാമ്യയുടെ അച്ഛന്‍ കാര്‍ത്തികേയന്‍റെ തറവാട്. ചെറുപ്പത്തില്‍ തന്നെ കാര്‍ത്തികേയന്‍ ചെന്നൈയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും താമസം മാറി. മുംബൈയിലെ നേവി ചില്‍ഡ്രസ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് കാമ്യ. പര്‍വതാരോഹണത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നു. ഏഴ് വന്‍കരകളിലെ പര്‍വതങ്ങളെന്ന വലിയ ലക്ഷ്യത്തിലേക്ക് ഒരു യാത്ര കൂടിയേ കാമ്യയ്ക്ക് ശേഷിക്കുന്നുള്ളൂ. ‍ഡിസംബറില്‍ അന്റാര്‍ട്ടിക്കയിലെ വിന്‍സന്‍ മാസിഫ് പര്‍വതമാണ് അടുത്ത കടമ്പ. അത് പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടിയെന്ന റെക്കോര്‍ഡും കാമ്യ സ്വന്തം പേരിലാക്കും. അരക്കോടി രൂപയോളം ഈ യാത്രയ്ക്കായി ആവശ്യമുണ്ട്. അതിനാവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

Kaamya Karthikeyan successfully summited Mt. Everest. She becomes the youngest Indian mountaineer to scale the Mt Everest from the Nepal side. She also becomes the second youngest girl in the world.