hello-ketralam-inspiring

ശാരീരിക പരിമിതികളെ ഇച്ഛാശക്തിയും അക്ഷരങ്ങളും കൊണ്ട് അതിജീവിച്ച ഒരു എഴുത്തുകാരി ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്. കണ്ണൂർ കണ്ണപുരം സ്വദേശിനി റഫ്സാന. ജന്മനാ ബാധിച്ച സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് മൂന്ന് പുസ്തകങ്ങളിലൂടെ എഴുത്തിന്റെ ലോകത്ത്  സ്വന്തം ഇടം കണ്ടെത്തിയ മിടുക്കി, ഉമ്മ മറിയുമ്മയ്ക്കൊപ്പം പുസ്തകമേളയിലെത്തിയ അനുഭവം പങ്കുവെക്കുന്നു.

ഷാർജ പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ അക്ഷരപ്രേമികളുടെ തിരക്കിനിടയിലൂടെ സ്വന്തമായി ഇലക്ട്രിക് വീൽചെയർ ഓടിച്ചുനീങ്ങുന്ന റഫ്സാന ഇവിടെയെത്തുന്നവർക്ക് കൗതുകക്കാഴ്ചയാണ്. റഫ്സാനയ്ക്ക് എഴുത്ത് വെറുമൊരു വിനോദമല്ല; ജന്മനാ കൂടെപ്പിറന്ന ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടക്കാനുള്ള ജീവശ്വാസമാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെയും ഷെർലക് ഹോംസ് കഥകളെയും ഇഷ്ടപ്പെടുന്ന റഫ്സാന ചെറുപ്പം മുതലേ വായനയുടെ ലോകത്തായിരുന്നു. 'ജിന്ന്', 'മാജിക് സൈക്കോ' എന്നീ രണ്ട് നോവലുകളും 'കണ്ണാടി' എന്ന കഥാസമാഹാരവും ഇതിനകം റഫ്സാനയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

അക്ഷരങ്ങളെ കൂട്ടുപിടിച്ച റഫ്സാനയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഷാർജ പുസ്തകമേളയിലെത്തുക എന്നത്. മകളുടെ ഓരോ ചുവടിലും നിഴലായി കൂടെയുള്ള ഉമ്മ മറിയുമ്മയ്ക്കാണ് ഈ നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷം. പ്ലസ്ടു വരെ നിരന്തര ശസ്ത്രക്രിയകളും ചികിത്സകളുമായി കഴിഞ്ഞ മകൾക്ക് താങ്ങായത് ഈ ഉമ്മയുടെ നിശ്ചയദാർഢ്യമാണ്. ഇവിടെയെത്തിയതിനു ശേഷമുള്ള അന്തരീക്ഷവും വായനക്കാരുടെ സ്നേഹവും മകൾക്ക് വലിയൊരു ഊർജ്ജവും ഉന്മേഷവുമാണ് പകരുന്നതെന്ന് ഉമ്മ സാക്ഷ്യപ്പെടുത്തുന്നു.

ഉപ്പ അബ്ദുൽ ഖാദറും ഉമ്മയും സഹോദരിമാരായ റാഹിമ മുത്തസിസും ഹനയും നൽകിയ കരുത്താണ് പ്രതിസന്ധികളിൽ റഫ്സാനയ്ക്ക് തുണയായത്. ശാരീരിക പരിമിതികൾക്കൊന്നും സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ തീർക്കാനാവില്ലെന്ന ഓർമ്മപ്പെടുത്തലാവുകയാണ് ഷാർജ പുസ്തകോത്സവ വേദിയിൽ റഫ്സാന.

ENGLISH SUMMARY:

Sharjah International Book Fair inspiring story features Rafsana, a young writer from Kannur who overcame cerebral palsy to publish three books. Her journey highlights extraordinary willpower, family support, and a passion for literature that captivates readers at the global book event.