മകളുടെ സംഗീതപഠനത്തിനായി ഒരു വീണ സ്വന്തമായി നിർമ്മിച്ച അച്ഛൻ. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും, അന്യംനിന്നുപോകുന്ന വീണ നിർമാണ കലയ്ക്ക് പുതുജീവൻ പകരുന്നതുകൂടിയാണ് ശ്രമം. നാദാപുരം ചാലപ്പുറം സ്വദേശി സന്തോഷാണ് പരമ്പരാഗത മരപ്പണിയിലെ വൈദഗ്ധ്യംകൊണ്ട് മകൾ രാജലക്ഷ്മിക്കായി 'ഏകാന്ത വീണ' ഒരുക്കിയത്.

ഒരച്ഛന്‍റെ സ്നേത്തില്‍ പിറന്ന കരവിരുത്. മകളുടെ പഠനത്തിനായി വീണ വാങ്ങാനുള്ള ശേഷിയൊന്നും ആശാരിപ്പണി ചെയ്യുന്ന സന്തോഷിനില്ല. കൈവശമുള്ളതു പാരമ്പര്യമായി കൈമാറി കിട്ടിയ തച്ചുശാസ്ത്രവും അണുകിട വിടാത്ത കണക്കുകളുമാണ്. ആ അറിവില്‍ പിറന്നതാണു രാജലക്ഷ്മി ശ്രുതി മീട്ടികൊണ്ടിരിക്കുന്ന ഈ ഏകാന്ത വീണ. 

അച്ഛന്‍റെ സ്നേഹത്തിന്‍റെ കഥയ്ക്കപ്പുറം കാലയവനികയ്ക്കുള്ളില്‍ കൈമോശം വന്നെന്നു കരുതിയിരുന്ന കലയുടെ വീണ്ടെടുപ്പു കൂടിയായി സന്തോഷിന്‍റെ വീണ നിര്‍മാണ യജ്ഞം. ആറുമാസം നീണ്ട അത്യധ്വാനത്തില്‍ പ്ലാവിന്‍ തടിയില്‍ തീര്‍ത്ത ഏകാന്ത വീണ പിറന്നു. ഒപ്പം  കടത്തനാടിന്‍റെ വീണ നിര്‍മാണ പാരമ്പര്യത്തിന്‍റെ ഇങ്ങേതലയ്ക്കല്‍ സന്തോഷെന്ന പേരു കൂടിയായി. ശ്രുതിയൊപ്പിക്കാന്‍ ആ മേഖലയിലെ വിദഗ്ധര്‍ സന്തോഷിനു കൂട്ടായി.

സാധാരണ വീണകളിലെ വ്യാളിമുഖത്തിനു പകരം ആകർഷകമായ മയൂരമുഖം.ബരഡകൾക്കു പകരം കൃത്യതയാർന്ന സ്റ്റീൽ കീകൾ.  

തനത് പാരമ്പര്യ അറിവും ഭാവനയും ഒന്നിച്ചപ്പോള്‍ ഏകാന്ത വീണയ്ക്ക് വേറിട്ടൊരു രൂപം. അരലക്ഷം രൂപയാണു ചെലവ്. പിതൃസ്നേഹത്തില്‍ വിരിഞ്ഞതാണെങ്കിലും  ഏകാന്ത വീണ നിര്‍മാണം വരുമാനമാര്‍ഗമാക്കിയാലോയെന്ന ചിന്തയിലാണ്  സന്തോഷും കുടുംബവും.

ENGLISH SUMMARY:

Ekanta Veena handmade by a loving father in Nadapuram revives the traditional art of veena making in Kerala. This inspiring story highlights a carpenter's dedication to his daughter's musical education using traditional woodworking skills.