daughter-gift-house-to-father

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ മനംകവർന്ന് ഒരു അച്ഛനും മകളും ഇപ്പോൾ വൈറലാകുന്നുണ്ട്. ജീവിതകാലം മുഴുവൻ മക്കൾക്കായി അധ്വാനിച്ച അച്ഛന് സ്‌നേഹസമ്മാനമായി മകൾ ഒരു വീട് നൽകുന്നതാണ് വിഡിയോ. 

വീടിന്റെ താക്കോൽ കൈയിൽ കൊടുത്തുകൊണ്ട് ഇനി ഇത് അച്ഛന്റെ വീടാണെന്ന് പറയുമ്പോൾ ആ മനുഷ്യൻ വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിൽക്കുന്നു. ഇത് സത്യമാണോ എന്ന് പലയാവർത്തി അദ്ദേഹം ചോദിക്കുന്നത് വീഡിയോയിൽ കാണാം. സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന അച്ഛനെ മകൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയാണ്. 

ഒരു ബന്ധുവിന്റെ പുതിയ വീട് സന്ദർശിക്കാം എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ അവർ കൊണ്ടുവന്നത്. സർപ്രൈസായി അച്ഛന് താക്കോൽ നൽകണമെന്നും അവർ നേരെത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ, വീടിനകത്തു കയറിയപ്പോൾ ഇത് അച്ഛനുള്ള ഫാദേഴ്സ് ഡേ ഗിഫ്റ്റ് ആണെന്ന് പറയുന്നു. ഇത് കേട്ട് പൊട്ടിക്കരയുന്ന അച്ഛന്റെ പ്രതികരണം വീഡിയോ കണ്ടവരുടെ കണ്ണ് നനയിച്ചു. 'കഴിഞ്ഞ മൂന്നു ദിവസം അദ്ദേഹം നിർത്താതെ കരഞ്ഞു, ഇപ്പോഴും അതേകുറിച്ച് സംസാരിക്കുമ്പോൾ എല്ലാം അദ്ദേഹം കരയുകയാണെന്ന്' മകൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. 

തന്റെ പിതാവ് ഒരു കോർപ്പറേറ്റ് ട്രെയിനർ ആയിരുന്നെന്നും കഴിഞ്ഞ 30 വർഷം കുടുംബത്തിന് വേണ്ടി എല്ലാം മറന്ന് അധ്വാനിച്ചെന്നും മകൾ പറയുന്നു. നാല് മക്കളുടെയും സ്കൂൾ, കോളജ് പഠനമെല്ലാം അദ്ദേഹത്തിന്റെ ചുമലിലായിരുന്നു. എല്ലാം ഭംഗിയായി പൂർത്തീകരിച്ചു. മക്കളെ നന്നായി വളർത്തി ഇനി ആ സ്നേഹവും കരുതലും തിരിച്ചു കൊടുക്കേണ്ട സമയമാണെന്നാണ് മകൾ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. 

എന്തായാലും, മകളുടെയും അച്ഛന്റെയും വലിയ സ്നേഹത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് ആളുകൾ പ്രതികരിക്കുന്നു. 

ENGLISH SUMMARY:

A heartwarming father-daughter moment is going viral on social media where a daughter surprises her father with a house as a lifetime of hard work reward. The emotional video shows the father's disbelief and tears of joy upon receiving the keys to his new home.