ബന്ധങ്ങൾ അവസാനിച്ചാലും മനസ്സിൽ നിന്ന് ഓർമകൾ അത്ര പെട്ടെന്ന് മാഞ്ഞുപോകണമെന്നില്ല. പ്രണയബന്ധങ്ങളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രകടമാണ്. ബ്രേക്കപ്പ് ആയതിന് ശേഷവും മുൻ പങ്കാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതും, അവരുടെ പുതിയ പോസ്റ്റുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതും പലരിലും കണ്ടുവരുന്ന ഒരു ശീലമാണ്. വെറുമൊരു നിമിഷത്തെ ആകാംക്ഷയോടെ ആരംഭിക്കുന്ന ഈ പ്രൊഫൈൽ പരിശോധന, പിന്നീട് മണിക്കൂറുകളോളം നീളുന്ന മാനസിക ഭാരമായി മാറാറുണ്ട്.
എന്തുകൊണ്ടാണ് ആളുകൾ എക്‌സിനെ സ്റ്റോക്ക് ചെയ്യുന്നത്?
മുൻ പങ്കാളി നമ്മളെക്കൂടാതെ സന്തോഷമായിരിക്കുകയാണോ, അതോ സങ്കടത്തിലാണോ എന്ന് അറിയാനുള്ള സ്വാഭാവികമായ ആകാംക്ഷയാണ് ഈ സ്റ്റോക്കിങ്ങിന് പിന്നിലുള്ള പ്രധാന കാരണം. പെട്ടെന്നൊരു ദിവസം ഒരാളുമായി സംസാരിക്കുന്നത് പൂർണ്ണമായി നിർത്തുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താനും പലരും ഈ വഴി കണ്ടെത്തുന്നു. എക്‌സിന് പുതിയൊരു പങ്കാളിയെ ലഭിച്ചോ, അവർ നമ്മളെക്കാൾ സന്തോഷവന്മാരാണോ എന്ന് ഒളിച്ചുനോക്കി വിലയിരുത്തുന്ന പ്രകൃതവും ഇതിന് കാരണമാണ്.
സ്റ്റോക്ക് ചെയ്യുന്ന ശീലം വരുത്തുന്ന അപകടങ്ങൾ എന്തൊക്കെ?
ഡിജിറ്റൽ സ്റ്റോക്കിങ് ഒരാളുടെ വ്യക്തിപരമായ വളർച്ചയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. പഴയ ഓര്‍മകളിൽ തന്നെ തളച്ചിടപ്പെടുന്നത് മൂലം പുതിയ തുടക്കങ്ങളിലേക്ക് കടക്കാൻ സാധിക്കാതെ വരുന്നു. എക്‌സിന്‍റെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും കുറിപ്പുകളും കണ്ട് ആവശ്യമില്ലാത്ത സംശയങ്ങളും സങ്കടങ്ങളും സ്വയം ഉണ്ടാക്കിവെക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും.
ഡിജിറ്റൽ സ്റ്റോക്കിങ്ങില്‍ നിന്ന് എങ്ങനെ മുക്തി നേടാം?
നിങ്ങള്‍ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ സാധിക്കുന്നില്ലെങ്കിൽ, എക്‌സിന്‍റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്യുക. സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്ന സമയം കുറയ്ക്കുകയും, ഫോൺ ഉപയോഗത്തിന് കൃത്യമായ പരിധികൾ നിശ്ചയിക്കുകയും ചെയ്യുക. പുതിയ ഹോബികൾ കണ്ടെത്തുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, സ്വന്തം മാനസികാരോഗ്യത്തിനും കരിയറിനും മുൻഗണന നൽകുക.
ഓർക്കുക, പോയകാലത്തെ ഓർത്ത് നിലവിലെ സന്തോഷങ്ങൾ ഇല്ലാതാക്കുന്നത് നിങ്ങളുടെ വർത്തമാനകാലത്തെ മാത്രമാണ് ബാധിക്കുക. ഭൂതകാലത്തെ ഡിജിറ്റലി പിന്തുടരുന്നത് നിർത്തുമ്പോൾ മാത്രമാണ് ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുന്നത്.