Ai Generated Image

ഓൺലൈൻ ഇടപാടുകളും ഡിജിറ്റൽ പേയ്‌മെന്‍റുകളും വ്യാപകമായതോടെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയാത്ത അവസ്ഥയാണ് പലർക്കുമുള്ളത്. സ്ക്രീനിൽ ഒരു ക്ലിക്ക് അകലെ പണം ലഭ്യമാകുമ്പോൾ അനാവശ്യമായ വാങ്ങലുകളും അമിതച്ചെലവുകളും വർധിക്കുന്നത് പതിവാണ്. എന്നാൽ ഡിജിറ്റൽ ഓവർ സ്പെൻഡിങിനെതിരെ ജെൻ സി കണ്ടെത്തിയ പുതിയ പ്രതിരോധ മാർഗ്ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡാകുന്നത്.

കാശിന്‍റെ കാര്യത്തില്‍ പഴയ രീതികളിലേക്ക് തിരികെ നടക്കുകയാണ് ജെൻ സി കിഡ്സ്. ഡിജിറ്റൽ പണമിടപാടുകൾ ഒഴിവാക്കി ലിക്വിഡ് മണി (Physical Cash) കയ്യിൽ കരുതുവാനും, വൈറൽ ബജറ്റിങ് രീതിയായ ക്യാഷ് സ്റ്റഫിങ് (Cash Stuffing) പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാനുമാണ് ജെന്‍ സി ശ്രമിക്കുന്നത്.

എന്തുകൊണ്ട് ജെന്‍സി ലിക്വിഡ് മണി ഉപയോഗിക്കുന്നു?: ഓൺലൈൻ വഴിയുള്ള അബ്സ്ട്രാക്ട് ആയ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, കയ്യിൽ നിന്ന് നേരിട്ട് പണം നൽകി സാധനങ്ങൾ വാങ്ങുമ്പോൾ പണം നഷ്ടപ്പെടുന്നുവെന്ന യാഥാർഥ്യം മനസ്സിലേക്ക് പെട്ടെന്ന് എത്തുന്നു. ഇത് അനാവശ്യമായ ഷോപ്പിങിന് വലിയൊരു മാനസിക തടസ്സമായി മാറുന്നു. കീശ കാലിയാകാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കുമെന്നാണ് ജെന്‍ സിയുടെ പക്ഷം.

എന്താണ് ജെന്‍സിയുടെ ക്യാഷ് സ്റ്റഫിങ് രീതി?: മാസം ലഭിക്കുന്ന വരുമാനത്തെ വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം എൻവലപ്പുകളിലാക്കി കവറുകളിൽ മാറ്റിവെക്കുന്ന ലളിതമായ ബജറ്റിങ് രീതിയാണിത്. ഭക്ഷണം, യാത്ര, വാടക, വിനോദം തുടങ്ങി ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം തുക നീക്കിവയ്ക്കും. അനുവദിച്ച തുക തീർന്നാൽ ആ വിഭാഗത്തിലെ ചെലവുകൾ ആ മാസത്തേക്ക് നിർത്താൻ ഇത് സഹായിക്കുമെന്നാണ് ജെന്‍ സിയുടെ വിലയിരുത്തല്‍.

ഡിജിറ്റൽ ആപ്പുകളിൽ കാണുന്ന അക്കൗണ്ട് ബാലൻസ് പലപ്പോഴും അശ്രദ്ധമായ ചെലവുകൾക്ക് കാരണമാകാറുണ്ട്. എന്നാൽ കയ്യിലുള്ള പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തി വിനിയോഗിക്കുന്നത് സാമ്പത്തിക അച്ചടക്കം പാലിക്കാൻ യുവതലമുറയെ ഏറെ സഹായിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ജനപ്രീതി നേടിയ ഈ പരമ്പരാഗത ബജറ്റിങ് രീതികൾ അമിതച്ചെലവുകൾ നിയന്ത്രിക്കാനും പണത്തെ കൃത്യമായി മാനേജ് ചെയ്യാനും ജെന്‍ സി കിഡ്സിനെ സഹായിക്കുന്നു.

ENGLISH SUMMARY:

Gen Z is adopting traditional money management techniques like liquid money usage and cash stuffing to combat digital overspending. This trend aims to promote financial discipline and conscious spending among young adults.