പ്രണയിക്കുക, ഡേറ്റിങ്ങിന് പോകുക, കാൻഡിൽ ലൈറ്റ് ഡിന്നറുകൾക്കായി വലിയ തുക ചെലവഴിക്കുക... ഇതെല്ലാം ഇനി പഴയ കഥയാണ്. ലവ് ഡ്രാമകൾക്ക് ഫുൾ സ്റ്റോപ്പിട്ട് സ്വന്തം ലൈഫിന് ഫുൾ ഓൺ വൈബ് നല്‍കുകയാണ് ജെന്‍ സി കിഡ്സ്. അനാവശ്യ ബന്ധങ്ങളിലെ ടെൻഷനും ഡേറ്റിങ് ബില്ലുകളുടെ ഭാരവും മടുത്ത ജെൻ സിക്കിടയില്‍ ട്രെൻഡാവുകയാണ് 'സോളോ-മാക്സിങ്'. ഡേറ്റിങ് ആപ്പുകളിലെ റൈറ്റ് സ്വൈപ്പുകളെക്കാൾ സ്വന്തം സന്തോഷത്തിനും വളർച്ചയ്ക്കും പ്രഥമ പരിഗണന നൽകുന്നതാണ് ഈ പുതിയ ട്രെൻഡ്.

‘ഒരു ഡേറ്റിന് പോകുന്ന കാശുണ്ടെങ്കില്‍ എനിക്ക് ഒരു അടിപൊളി സോളോ ട്രിപ്പ് പോകാം!’– ഇതാണ് ജെന്‍ സി കിഡ്സിന്‍റെ ഡിജിറ്റൽ മാനിഫെസ്റ്റോ. പരമ്പരാഗത ഡേറ്റിങ് സങ്കൽപ്പങ്ങളെയും സാമ്പത്തിക ബാധ്യതകളെയും കാറ്റിൽപ്പറത്തി ജെൻ സി മുന്നേറുന്നത് 'സോളോ-മാക്സിങ്' എന്ന ആത്മവിശ്വാസത്തിന്‍റെ പുതിയ ലോകത്തേക്കാണ്. സ്വയം സ്‌നേഹിക്കുക, സ്വയം മെച്ചപ്പെടുത്തുക എന്ന സങ്കല്പത്തിന്‍റെ ഏറ്റവും പുതിയതും ട്രെൻഡിയുമായ രൂപമാണിത്. ലളിതമായി പറഞ്ഞാൽ, സ്വന്തം ജീവിതത്തെ മാക്സിമം ബെസ്റ്റ് ആക്കുക! മറ്റൊരാൾക്ക് വേണ്ടി സമയവും പണവും മാനസിക ഊർജവും ചെലവാക്കുന്നതിന് പകരം, സ്വന്തം സന്തോഷത്തിനും വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഒന്നാം സ്ഥാനം നൽകുന്ന രീതിയാണിത്.  Also Read: ജെൻ സിക്ക് ഇഷ്ടം ഗാന്ധിയൻ സമരമുറ; സഹനസമരത്തിലൂടെ വിജയം വരിച്ച 'സിജെപി' .

തനിയെ നല്ലൊരു റെസ്റ്റോറന്‍റില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, ഒറ്റയ്ക്ക് സിനിമ കാണുക, സോളോ ട്രിപ്പുകൾ പോവുക എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. ഡേറ്റിങ്ങിനായി ആയിരങ്ങൾ പൊടിക്കുന്നതിന് പകരം, ആ പണം സ്വന്തം ഫിറ്റ്നസിനോ, പുതിയ കാര്യങ്ങള്‍ പഠിക്കാനോ, ഭാവിയിലേക്കുള്ള സമ്പാദ്യത്തിനോ വേണ്ടി ഉപയോഗിക്കുന്നു. ബന്ധങ്ങളിലെ അനാവശ്യമായ നാടകങ്ങളും സങ്കീർണ്ണതകളും ഒഴിവാക്കി സ്വന്തം സമാധാനത്തിന് പ്രാധാന്യം നൽകുന്നു. പണപ്പെരുപ്പവും ജീവിതച്ചെലവും കൂടിയ ഈ കാലത്ത്, ഡേറ്റിങ് ആപ്പുകളും ഡേറ്റിങ് നൈറ്റുകളും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. അതുകൊണ്ട് തന്നെ സോളോ-മാക്സിങ് പോക്കറ്റിന് നൽകുന്ന ആശ്വാസം വലുതാണ്. Also Read: ജെൻ സി യുവതികൾക്കിടയിലെ പുതിയ ട്രെൻഡ്!! എന്താണ് 'ബോയ്-സോബർ'?.

ഡേറ്റിങ് ആപ്പുകളിലെ വ്യാജ പ്രൊഫൈലുകളും, വ്യക്തതയില്ലാത്ത ബന്ധങ്ങളും തന്ന മടുപ്പിൽ നിന്നാണ് പലരും സോളോ-മാക്സിങ്ങിലേക്ക് മാറുന്നത്. മറ്റൊരാളെ മനസ്സിലാക്കാൻ ഓടിനടക്കുന്നതിന് മുൻപ്, സ്വന്തം ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും കൃത്യമായി മനസ്സിലാക്കാൻ ഇത് അവസരമൊരുക്കുന്നു.

സോളോ-മാക്സിങ് എന്നാൽ പ്രണയത്തെയോ വിവാഹത്തെയോ പൂർണ്ണമായി തള്ളിക്കളയലല്ല. മറിച്ച്, ‘ഞാൻ ഒറ്റയ്ക്കും ഹാപ്പിയാണ്’ എന്ന സ്വയം പര്യാപ്തത കൈവരിക്കലാണ്. മാനസികമായി പൂർണ്ണതയും പക്വതയും നേടുമ്പോൾ മാത്രം, അനുയോജ്യനായ ഒരു പങ്കാളി ജീവിതത്തിലേക്ക് വരട്ടെ എന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിൽ. ചുരുക്കത്തിൽ, അനാവശ്യമായ ബന്ധങ്ങളിൽ കുടുങ്ങി സമയവും പണവും കളയാതെ, സ്വന്തം ജീവിതം കളറാക്കുകയാണ് സോളോ-മാക്സിങ്ങിലൂടെ ജെൻ സി കിഡ്സ്!

ENGLISH SUMMARY:

Solo-maxing is a new trend among Gen Z, prioritizing personal happiness and growth over traditional dating. This approach involves investing time and money in self-improvement and experiences rather than on dating expenses and relationship dramas.