കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ ഇനി പരിസ്ഥിതിയിലും കൃഷിയിലും മാത്രം ഒതുങ്ങുന്നില്ല. മനുഷ്യരുടെ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും അത് നേരിട്ട് ബാധിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. രാത്രികാല താപനില ഉയരുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഉറക്കത്തെ ഗണ്യമായി ബാധിക്കുന്നതായി ആഗോള കാലാവസ്ഥാ ഗവേഷണ സ്ഥാപനമായ ക്ലൈമറ്റ് സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചൂടുള്ള രാത്രികൾ കാരണം കേരളത്തിലെ ജനങ്ങൾക്ക് വർഷത്തിൽ ശരാശരി 88.3 മണിക്കൂർ ഉറക്കം നഷ്ടമാകുന്നതായാണ് പഠനത്തിലെ കണ്ടെത്തൽ.

ദക്ഷിണേന്ത്യയിൽ കൂടുതൽ ആഘാതം

തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോകത്തിലെ പ്രധാന ‘ഹീറ്റ് റിലേറ്റഡ് സ്ലീപ് ലോസ്’ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയാണ് മുന്നിൽ. അവിടെ ജനങ്ങള്‍ക്ക് വർഷത്തിൽ ശരാശരി 92 മണിക്കൂർ ഉറക്കമാണ് നഷ്ടമാകുന്നത്. 88.6 മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്ന ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തും 88.3 മണിക്കൂര്‍ ഉറക്കക്കുറവുള്ള കേരളം മൂന്നാം സ്ഥാനത്തുമാണ്. 

രാത്രികാല ചൂട് എന്തുകൊണ്ട് അപകടകരം?

പകൽ സമയത്തെ ഉയർന്ന ചൂട് ആളുകളെ അസ്വസ്ഥരാക്കുമെങ്കിലും ശരീരത്തിന് വിശ്രമവും പുനരുജ്ജീവനവും ലഭിക്കേണ്ട സമയം രാത്രിയാണ്. എന്നാൽ രാത്രിയും ചൂട് തുടരുമ്പോൾ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നു. ഇതോടെ ഉറങ്ങാൻ കൂടുതൽ സമയം എടുക്കുകയും, ഇടയ്ക്കിടെ ഉണരുകയും, ആഴത്തിലുള്ള ഉറക്കം കുറയുകയും ചെയ്യുന്നു. ഉറക്കക്കുറവ് ഒരുദിവസത്തെ ക്ഷീണത്തിൽ ഒതുങ്ങുന്ന പ്രശ്നമല്ല. ദീർഘകാലമായി തുടർന്നാൽ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയേറും. 

നഗരങ്ങളിലെ ‘ഹീറ്റ് ഐലൻഡ്’ പ്രതിഭാസം

ആഗോളതാപനത്തിന് പുറമെ നഗരവൽക്കരണവും രാത്രികളിലെ ചൂട് വർധിക്കാൻ കാരണമാകുന്നുവെന്ന് പഠനം പറയുന്നു. നഗരങ്ങളിലെ കോൺക്രീറ്റ് കെട്ടിടങ്ങൾ, ടാർ റോഡുകൾ, വാഹനങ്ങളുടെ സാന്ദ്രത, ഹരിതമേഖലകളുടെ കുറവ് എന്നിവ പകൽ സമയത്ത് ചൂട് ആഗിരണം ചെയ്യുകയും രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നു. ഇതാണ് ‘അർബൻ ഹീറ്റ് ഐലൻഡ് ഇഫക്റ്റ്’ എന്നറിയപ്പെടുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള നഗരപ്രദേശങ്ങളിലും ഇതിന്‍റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങളിൽ താമസിക്കുന്നവരാണ് ചൂട് മൂലമുള്ള ഉറക്കക്കുറവിന് കൂടുതൽ ഇരയാകുന്നതും.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പുതിയ മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വെള്ളപ്പൊക്കം, വരൾച്ച, കടൽക്ഷോഭം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ ഉയരുന്ന രാത്രികാല താപനില മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഉറക്കത്തെ പോലും ബാധിക്കുന്നുവെന്നത് പുതിയ മുന്നറിയിപ്പാണ്. ഇത് ജീവിതനിലവാരത്തെയും  ആരോഗ്യച്ചെലവിനെയും ബാധിക്കാൻ സാധ്യതയുണ്ട്.

രാത്രികൾ കൂടുതൽ ചൂടാകുന്ന പ്രവണത തുടർന്നാൽ വരും വർഷങ്ങളിൽ ഉറക്കനഷ്ടത്തിന്‍റെ തോത് ഇനിയും ഉയരാനിടയുണ്ടെന്നാണ് പഠന റിപ്പോർട്ടിന്‍റെ മുന്നറിയിപ്പ്. ഹരിതമേഖലകൾ വർധിപ്പിക്കുക, നഗരാസൂത്രണത്തിൽ കാലാവസ്ഥാ സൗഹൃദ സമീപനങ്ങൾ സ്വീകരിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക തുടങ്ങിയ നടപടികളിലൂടെ മാത്രമേ ഈ വെല്ലുവിളിയെ നേരിടാനാകൂ.

ENGLISH SUMMARY:

Rising night temperatures due to climate change are significantly impacting sleep patterns and human health. Studies indicate that this phenomenon is leading to considerable sleep loss in India, particularly affecting southern states like Kerala.