മഴക്കാലമായാല്‍ മലയാളികള്‍ മറക്കാതെ കൂടെ കൂട്ടുന്ന ഒന്നേയുള്ളു– കുട. മഴ പെയ്യുംമുന്‍പെ കുട വാങ്ങിയും കുട നന്നാക്കിയും മഴയെ കാത്തിരിപ്പാണ് മലയാളികൾ. ലോകത്ത് ആദ്യമായി കുട ചൂടി നടന്നത് ആരായിരിക്കും? അതേക്കുറിച്ച് പലതരം ചരിത്രമാണുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈജിപ്തിലും ചൈനയിലുമൊക്കെ കുട ഉപയോഗിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണാം. പുരാണങ്ങളിലും കുടയുടെ രേഖാചിത്രം കാണാം. ഇതൊക്കെയാണെങ്കിലും ആധുനികകാലത്ത് ബ്രിട്ടനില്‍ ആദ്യമായി കുടപിടിച്ചുനടന്നവനെ ആട്ടിയോടിച്ച, കല്ലെറിഞ്ഞ ചരിത്രമാണ് മനുഷ്യന്റെത്.
1750ല്‍ ലണ്ടനിലെ വീഥികളിലൂടെ ശീലക്കുട പിടിച്ചുനടന്ന ജോനസ് ഹാൻവേ നേരിട്ടത് ചില്ലറ പീഡനമല്ല. വെയിലും മഴയും ദൈവം മനുഷ്യന് വേണ്ടി ഒരുക്കിയിട്ടുള്ള പ്രതിഭാസങ്ങളാണെന്നും അവയെ തടഞ്ഞുനിര്‍ത്തുന്നത് എന്തും ഈശ്വരനെ നിഷേധിക്കലാണെന്നും മതപ്രചാചകര്‍ പറഞ്ഞുപരത്തി.
മനുഷ്യനെ നനയ്ക്കാന്‍ വേണ്ടിയല്ലായിരുന്നെങ്കില്‍ ദൈവം മഴപെയ്യിക്കുമായിരുന്നില്ലെന്നും കുടയുടെ സഹായത്താല്‍ മഴ കൊള്ളാതിരിക്കുന്നത് ഈശ്വരനിന്ദയാണെന്നും പ്രചാരണം ഉണ്ടായി. മഴക്കാലത്ത് തങ്ങളുടെ കോള് നഷ്ടപ്പെടുമെന്ന് കരുതി കുതിരവണ്ടിക്കാരും അക്രമാസ്തരായി. ഇതോടെ ജോനസ് ഹാന്‍വെയെ ചിലര്‍ കൂകി വിളിച്ചു. ചിലര്‍ പരിഹസിച്ചു. ചിലര്‍ കല്ലെറിഞ്ഞു. ഇതുകൊണ്ടൊന്നും ജോനസ് ഹാന്‍വേ പിന്മാറിയില്ല. കുട ചൂടി തന്നെ ലണ്ടനിലെ തെരുവുകളിലൂടെ ഹാന്‍വേ നടന്നു. ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കുട വലിയ പ്രചാരണം നേടിക്കഴിഞ്ഞിരുന്നുവെന്നതാണ് ശ്രദ്ധേയം. ചരിത്രത്തിന്റെ മറ്റൊരു തമാശ എന്താണെന്നു വച്ചാല്‍, ജോനസ് ഹാന്‍വേയെ കയ്യേറ്റം ചെയ്ത മനുഷ്യര്‍, ഇന്ന് പലര്‍ക്കും മുത്തുക്കുടപിടിക്കുന്നുണ്ട്.