NewProject

കാലം മാറുന്നു, ഓരോ ദിവസം കഴിയുന്തോറും ഓരോ പുതിയ വാക്കുകളാണല്ലേ ജെന്‍സികളില്‍ നിന്ന് കേള്‍ക്കുന്നത്. പലതരം ഷിപ്പുകളും, ഡേറ്റിങ്ങുകളുമൊക്കെ... അതെല്ലാം ട്രെന്‍ഡ് ആകുന്നുമുണ്ട‌്.

ഇപ്പോഴിതാ, ഗോസ്റ്റിംഗിനെ മറികടന്ന്, ഡേറ്റിംഗ് ലോകത്ത് പുതിയ ട്രെൻഡായി മാറുകയാണ് പഫർ-ഫിഷിംഗ്. കടലിലെ പഫർ ഫിഷിംഗ് കേട്ടിട്ടുണ്ടാകാം. എന്നാല്‍ എന്താണ് റിലേഷന്‍ ഷിപ്പിലെ പഫർ ഫിഷിംഗ് ? ഒരു റിലേഷന്‍ഷിപ്പ് കൂടുതൽ സീരിയസ് മോഡില്‍ എത്തുമ്പോള്‍, അതിൽ നിന്ന് പെട്ടെന്ന് മാനസികമായി അകന്നുപോകുന്ന പെരുമാറ്റത്തെയാണ് പഫർ-ഫിഷിംഗ് എന്ന് വിളിക്കുന്നത്. ആദ്യ ആകര്‍ഷണത്തിന്‍റെ പേരില്‍ റിലേഷനില്‍ ആകുകയും പിന്നീട് അതൊരു യഥാര്‍ഥ അടുപ്പത്തിലേയ്ക്ക് വഴിമാറുന്നുവെന്ന് തോന്നുന്ന സമയത്ത് പിന്‍മാറാന്‍‍ തോന്നുന്ന അവസ്ഥയെ ആണ് ജെന്‍സി, പഫർ ഫിഷിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രണയം യാഥാർഥ്യമാകുമ്പോൾ ചിലർ എന്തുകൊണ്ട് പിന്നോട്ടു പോകുന്നു? സ്വപ്നക്കൂ‌ട് സിനിമയില്‍ പൃഥ്വിരാജിന്‍റെ ക്യാരക്ടറിനെക്കുറിച്ച് പറയുന്നത് പോലെ, വളയ്ക്കാന്‍ ബുദ്ധിമു‌ട്ടുള്ള പെണ്‍കുട്ടികളെ പിന്നാലെ നടന്നു വളയ്ക്കുക, വളഞ്ഞുകഴിഞ്ഞാല്‍ ആ ത്രില്ല് അങ്ങ് പോകുമെന്നാണോ... ഇത് അങ്ങനല്ല കേട്ടോ. ഈ ആശയത്തിന് പഫർ ഫിഷിന്‍റെ പേര് നൽകിയതിനു പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്. ഭീഷണി അനുഭവപ്പെടുമ്പോൾ പഫർ ഫിഷ് തന്‍റെ ശരീരം വീർപ്പിച്ച് സ്വയം സംരക്ഷിക്കാൻ ശ്രമിക്കും. അതുപോലെ, ചിലർക്ക് റിലേഷനില്‍ വൈകാരികമായ ദൗർബല്യങ്ങൾ തുറന്നു കാണിക്കേണ്ടി വരുന്ന സാഹചര്യം ഭീഷണിയായി തോന്നുമ്പോൾ, അവർ മാനസിക അകലം സൃഷ്ടിച്ച് പ്രതികരിക്കുന്നു. ‘പഫർ-ഫിഷിംഗ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് എഴുത്തുകാരിയും സൈക്കോതെറാപ്പിസ്റ്റുമായ കാറ്റി മോർട്ടൺ ആണ്. വികാരങ്ങളെ നേരിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന കാര്യങ്ങളുമായി സംബന്ധിച്ച ചർച്ചകളിലാണ് അവർ ഈ ആശയം അവതരിപ്പിച്ചത്.

ഈ സ്വഭാവക്കാര്‍ എങ്ങനെയാണ് ? പഫർ-ഫിഷിംഗ് സ്വഭാവം കാണിക്കുന്ന ഒരാൾ ആദ്യഘട്ടത്തിൽ വളരെ കെയറിങും സ്നേഹവും ഉള്ളവരായിരിക്കും. വികാരപരമായി തുറന്ന മനസ്സുള്ളവരുമായി തോന്നാം. ബന്ധം ലളിതവും സന്തോഷകരവുമായ രീതിയിൽ മുന്നോട്ടുപോകും. എന്നാൽ, ആദ്യഘ‌ട്ടത്തില്‍ നിന്ന് യഥാർഥ വൈകാരിക അടുപ്പത്തിലേയ്ക്ക് വളരാൻ തുടങ്ങുമ്പോഴാണ് ഇവരിലെ പ്രശ്നങ്ങള്‍ പ്രകടമാകുക. ഇവരിൽ സാധാരണയായി ഹോട്ട് ആൻഡ് കോൾഡ് സ്വഭാവം ഉണ്ടാകാം. ഒരു വശത്ത് അവർ അടുപ്പം തേടുമ്പോൾ, അടുത്ത നിമിഷം അതേ അടുപ്പം തന്നെ അവരെ ശ്വാസംമുട്ടിക്കുന്നതുപോലെ തോന്നാം. ഇത്തരക്കാര്‍ പങ്കാളിയുടെ ചെറിയ കുറവുകൾ പോലും വലുതാക്കി കാണാൻ തുടങ്ങും, ആശയവിനിമയം കുറയ്ക്കും, അല്ലെങ്കിൽ യാതൊരു വ്യക്തമായ കാരണവുമില്ലാതെ പെട്ടെന്ന് അങ്ങ് പോകാം.

ഇവരെ എങ്ങനെ തിരിച്ചറിയാം ? പഫർ-ഫിഷിംഗിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് ബുദ്ധിമുട്ടുള്ള വിഷയങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള മടിയാണ്. തങ്ങളുടെ അസ്വസ്ഥത പങ്കുവെയ്ക്കുന്നതിനുപകരം, അവർ വൈകാരികമായി അകന്നു നിൽക്കാൻ തുടങ്ങും. ചിലപ്പോൾ കുറച്ച് ദിവസങ്ങളോ ആഴ്ചകളോ അപ്രത്യക്ഷരായി കഴിഞ്ഞ്, ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിൽ തിരിച്ചുവരുകയും ചെയ്യും.

ഇതിന്‍റെ പിന്നിലെ മാനസിക കാരണങ്ങൾ

ഇങ്ങനുള്ളവരെ കുറ്റം പറയാന്‍ സാധിക്കില്ല... പലപ്പോഴും ഈ പെരുമാറ്റം ബാല്യകാലത്തെ വൈകാരിക അനുഭവങ്ങളുമായി ബന്ധപ്പെട്ടതാകാം. കുട്ടിക്കാലത്ത് അവരുടെ വികാരപരമായ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടതോ, അനിശ്ചിതമായ രീതിയിൽ കൈകാര്യം ചെയ്തതോ, സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലായിരുന്നതോ ആണെങ്കിൽ, പിന്നീട് അവർക്ക് അടുപ്പവും സ്നേഹവും ഒക്കെ സമ്മർദ്ദമോ അപകടമോ പോലെ തോന്നുത് ഇതിന് കാരണമാകാം.

ആരോഗ്യകരമായ അകലം VS പഫർ-ഫിഷിംഗ്

റിലേഷന്‍ഷിപ്പ് നല്ലരീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ വ്യക്തിപരമായ ഇടവും ആശയവിനിമയവും ആവശ്യമാണ്. എന്നാല്‍, പഫർ-ഫിഷിംഗിൽ നടക്കുന്നത് നിശ്ശബ്ദതയും അനിശ്ചിതത്വവും ആശയക്കുഴപ്പവുമാണ്. ഇത്തരം സ്വഭാവം പ്രകട‌മാക്കുന്നവര്‍ ഹൃദയമില്ലാത്തവരോ സ്നേഹമില്ലാത്തവരോ ചതിക്കുന്നവരോ ആണെന്ന് കരുതേണ്ടതില്ല. പലപ്പോഴും അവർ വികാരഭാരത്താൽ സമ്മർദ്ദത്തിലാകുകയാണ്. ശക്തമായ വികാരങ്ങളെ, ചിന്തകളെ നേരിടാൻ ആവശ്യമായ സ്ട്രങ്ത് ഇല്ലാത്തതിനാലാണ് അവര്‍ ഇങ്ങനൊരു സ്വഭാവം പ്രക‌ടമാക്കുന്നത്.

ENGLISH SUMMARY:

Puffer-fishing is a new dating trend that describes the behavior of emotionally withdrawing from a relationship when it starts to become more serious. This phenomenon, where individuals pull away as intimacy deepens, is a response to feeling threatened by emotional vulnerability.