വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ഥനയുടെയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലിന്‍റെയും വിവാഹം മാച്ചിവച്ചത്. ദിവസങ്ങള്‍ക്ക് ശേഷം വിവാഹം ഉപേക്ഷിച്ചതായി ഔദ്യോഗികമായി അറിയിപ്പും എത്തി. സ്മൃതിയുടെ പിതാവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ പലാഷും 'ഭക്ഷ്യവിഷബാധ'യെ തുടര്‍ന്ന് ആശുപത്രിയിലായതായി വാര്‍ത്ത വന്നു. എന്നാല്‍ സ്മൃതിയെ പലാഷ് ചതിച്ചുവെന്നും അരുതാത്ത കാഴ്ച വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ സ്മൃതി കണ്ടുവെന്നും ഇതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെട്ടുവെന്നും വാര്‍ത്തകള്‍ പരന്നു. പലാഷിന്‍റെ കുടുംബം വാര്‍ത്തകള്‍ നിഷേധിച്ചുവെങ്കിലും വ്യക്തമായ കാരണം പറഞ്ഞില്ല. ബന്ധം അവസാനിപ്പിക്കുന്നതായി സ്മൃതിയും പലാഷും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
മാസങ്ങള്‍ കഴിഞ്ഞ് പ്രചരിക്കുന്ന വിഡിയോയാണ് ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായെന്നും ഇരു കുടുംബങ്ങളും ഒന്നിക്കുന്നുവെന്നുമുള്ള സൂചനകള്‍ നല്‍കുന്നത്. സ്മൃതിയുടെ പിതാവും പലാഷിന്‍റെ സഹോദരിയും ഭര്‍ത്താവും പലാഷും മുംബൈയിലെ ഒരു റസ്റ്ററന്‍റില്‍ ഇരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ഇറങ്ങുന്നതിന് മുന്‍പ് സ്മൃതിയുടെ പിതാവ് ശ്രീനിവാസിന്‍റെ കാല്‍ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുന്ന പലാഷിനെയും വിഡിയോയില്‍ കാണാം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആരംഭിച്ചു. എന്നാല്‍ ഇത് പഴയ വിഡിയോ ആകാമെന്നും അല്ലെങ്കില്‍ വ്യാജമാണെന്നും സ്മൃതിയുടെ ആരാധകര്‍ പറയുന്നു. അതേസമയം, പ്രചരിക്കുന്ന വിഡിയോയില്‍ സ്മൃതിയോ പലാഷോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലോകകപ്പ് ഇന്ത്യന്‍ വനിതകള്‍ നേടി ചരിത്രം കുറിച്ചതിന് പിന്നാലെയായിരുന്നു സ്മൃതിയുടെ വിവാഹച്ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ആഘോഷമായി വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രയാസമുണ്ടായെങ്കിലും സ്മൃതി കളിക്കളത്തില്‍ മികച്ച പ്രകടനം തുടര്‍ന്നു. വനിത പ്രീമിയര്‍ ലീഗിലെ ഒന്‍പത് മല്‍സരങ്ങളില്‍ നിന്നായി 377 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി നടത്തിയ മികച്ച പ്രകടനത്തിന് ബിസിസിഐയുടെ മികച്ച വനിതാതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.