Image Credit - deluxebhaiyaji

Image Credit - deluxebhaiyaji

TOPICS COVERED

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ വ്യത്യസ്ഥ വഴികള്‍ സ്വീകരിക്കുന്നവരാണ് ഭൂരിഭാഗം കോണ്ടന്റ് ക്രിയേറ്റര്‍മാരും. ഇങ്ങനെ വ്യത്യസ്ഥമായ വഴിയിലൂടെ വൈറലായി പണം സമ്പാദിക്കുകയാണ്  സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ 'ഡീലക്സ് ഭയ്യാജി'. ഒരു ആഡംബര കാറിൽ ചായ വിറ്റാൽ എത്ര രൂപ സമ്പാദിക്കാം എന്നറിയാനായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ ശ്രമം. ഇതിനായി 1 ലക്ഷം രൂപ നൽകി ഒരു റോൾസ് റോയ്‌സ് കാർ അദ്ദേഹം വാടകയ്‌ക്കെടുത്തു. തുടര്‍ന്ന് റോയല്‍ ചായ എന്ന പേരില്‍ വഴിയരികില്‍ ചായ വിറ്റു.

എന്നാല്‍ സാധാരണപോലെയുള്ള ചായ വില്‍പ്പന അല്ലായിരുന്നു ഇത്. ചായ കുടിക്കാനെത്തുന്നവർക്ക് റെഡ് കാർപെറ്റിലാണ് അദ്ദേഹം സ്വീകരണം നൽകിയത്. ചായയ്ക്കൊപ്പം കുക്കീസും ബിസ്ക്കറ്റും നല്‍കി.

ഒരു റോൾസ് റോയ്‌സിൽ ചായ വിറ്റാൽ എത്ര രൂപ സമ്പാദിക്കാൻ കഴിയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വ്യത്യസ്തമായ ഈ ആശയത്തിൽ ആകൃഷ്ടരായി കുടുംബങ്ങളടക്കം നിരവധി പേരാണ് ചായ കുടിക്കാന്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ഇതിന് ആകെ ചെലവ് വന്നത് 108000 രൂപയും വരവ് 88400 രൂപയുമായിരുന്നു.

ചുരുക്കത്തിൽ സാമ്പത്തികമായി ഇതൊരു നഷ്ടക്കച്ചവടമായിരുന്നു. ഏകദേശം 20,000 രൂപയോളം അദ്ദേഹത്തിന് നഷ്ടം സംഭവിച്ചു. എങ്കിലും, താൻ ആളുകളെ സന്തോഷിപ്പിച്ചുവെന്നും ഈ പരീക്ഷണം ഒരു വലിയ അനുഭവമായിരുന്നുവെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

ഒന്നരക്കോടിയിലധികം കാഴ്ച്ചക്കാരെയും പത്ത് ലക്ഷത്തിലധികം ലൈക്കുകളും നേടി വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. 'നിങ്ങളെ കാണുന്നതിൽ വലിയ സന്തോഷം, സഹോദരാ, മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട്' തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇത്  കൂടാതെ കല്ലില്‍ ക്ലോക്ക് വച്ച് വില്‍ക്കുക, കാശ്മീരിലെ മഞ്ഞ് ഡല്‍ഹില്‍ കൊണ്ടുവന്ന് വില്‍ക്കുക തുടങ്ങിയ പരീക്ഷണങ്ങളും 'ഡീലക്സ് ഭയ്യാജി' ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News covers the unique business experiment of social media influencer 'Deluxe Bhaiya Ji' who sold tea from a rented Rolls Royce. While the venture resulted in a financial loss, it garnered significant online attention and brought joy to many.