എന്താണ് ഇത്തവണത്തെ പുതുവര്‍ഷം തീരുമാനം ? ഒരിക്കല്‍ നടന്‍ ഇന്നസെന്റിനോടു ഈ ചോദ്യം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ജനുവരി ഒന്നിന് രാവിലെ കുളിച്ച് ഒരു പുതിയ മനുഷ്യനാകാം എന്നു വിചാരിച്ചാല്‍ നടക്കില്ല. അങ്ങനെ ഒരു ദിവസം കൊണ്ടൊന്നും ആര്‍ക്കും മാറാന്‍ പറ്റില്ല. നിങ്ങൾ നിങ്ങളാവുക എന്നതാണു പ്രധാനം. മറ്റുള്ളവരെപ്പോലെയാവാൻ ശ്രമിക്കരുത്. അതവിടെ നില്‍ക്കട്ടെ. 

Also read: പന്ത്രണ്ട് മണിക്ക് 12 മുന്തിരി; ഭാഗ്യം പരീക്ഷിക്കാന്‍ സോഷ്യല്‍ ലോകം; പിന്നിലെന്ത്?.

എന്തുകൊണ്ടാണ് ന്യൂ ഇയര്‍ റെസല്യൂഷന്‍സ് തുടരാന്‍ സാധിക്കാത്തത്.? തുടക്കത്തില്‍ ഒരു ഒന്നൊന്നര ആവേശമായിരിക്കും. അമേരിക്കയിൽ നടത്തിയ ചില പഠനങ്ങൾ പറയുന്നത് മിക്ക ആളുകളും തങ്ങളുടെ പുതുവർഷ തീരുമാനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ പരാജയപ്പെടുന്നു എന്നാണ്. ഇതിന് പ്രധാന കാരണം ‘ഫാൾസ് ഹോപ്പ് സിൻഡ്രോം’ (False Hope Syndrome) എന്ന് മന :ശാസ്ത്രത്തിൽ വിളിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. പലപ്പോഴും വ്യക്തികൾ അവരുടെ തീരുമാനങ്ങളില്‍ അമിത ആത്മവിശ്വാസം മനസ്സിൽ വളർത്തിയെടുക്കും.  സാഹചര്യങ്ങളും ചുറ്റുപാടുകളും തിരിച്ചറിയാതെ യാഥാർഥ്യബോധമില്ലാതെ ലക്ഷ്യങ്ങൾ മനസില്‍ കാണും. എന്നാല്‍ വിചാരിച്ച വേഗത്തിൽ ലക്ഷ്യങ്ങളെ പിന്തുടരാൻ കഴിയാതെ വരുമ്പോൾ ഇവര്‍ നിരാശരാകുന്നു. പതുക്കെപ്പതുക്കെ ലക്ഷ്യങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കും. അവസാനം  തീരുമാനങ്ങളെ പൂർണമായി ഉപേക്ഷിക്കുകയും ചെയ്യും.

ഒരു ലക്ഷ്യത്തെ പിന്തുടരുമ്പോൾ തടസങ്ങള്‍ സ്വാഭാവികം. നിഷേധാത്മകമായ ചിന്തകൾ മനസിനെ പിന്നോട്ടു വലിക്കാം. പലപ്പോഴും ഈ നെഗറ്റീവ് ചിന്തകൾ സുഹൃത്തുക്കളിൽനിന്നോ, സമൂഹത്തിൽനിന്നോ സോഷ്യല്‍മീഡിയയില്‍ നിന്നോ ഒക്കെ ആകാം. നമ്മള്‍ പുതിയൊരു ലക്ഷ്യം തേടുമ്പോള്‍ അത് നിലവിലെ സാഹചര്യത്തില്‍ ആവശ്യമാണോ എന്നത് പ്രസക്തമാണ്. ഈ തിരഞ്ഞെടുപ്പ് പാളുന്നത് പുതുവർഷ തീരുമാനം തുടരുന്നതിനു തടസമാകും. ജീവിതം ഒരു മാറ്റം ആവശ്യപ്പെടുന്ന സമയത്തും സാഹചര്യത്തിലും വേണം ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത്.

ഏതു ലക്ഷ്യത്തെ പിന്തുടരുമ്പോഴും അപ്രതീക്ഷിതമായ ഒട്ടേറെ തടസ്സങ്ങൾ ഉയരാം. ഈ തടസ്സങ്ങളെ മറികടക്കുന്നതാണ് വിജയം. അമിത ആത്മവിശ്വാസത്തോടെ എടുക്കുന്ന തീരുമാനങ്ങൾക്കു ആയുസ് കുറയും. പുതുവർഷ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികൾ തങ്ങളുടെ കൈവശമുള്ള സമയത്തെക്കുറിച്ചോ ചുറ്റുപാടുകളെക്കുറിച്ചോ കൃത്യമായി പഠിക്കാറില്ല. കൃത്യമായ പ്ലാനിങ് ഇല്ലാത്തതും  വിനയാകുന്നു. ന്യൂ ഇയര്‍ റെസല്യൂഷനില്‍ എന്നല്ല ഒരു തീരുമാനത്തിലും അമിത ആവേശം നല്ലതല്ല. സ്വന്തം പരിമിതികൾ മനസ്സിലാക്കി, യാഥാർഥ്യബോധത്തോടെ നടപ്പിൽ വരുത്താന്‍ പറ്റും എന്നുറപ്പുള്ള തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും നല്ലത്. അമിത ആത്മവിശ്വാസത്തെക്കാൾ പ്രായോഗികതയ്ക്കണം മുൻതൂക്കം. ഓരോ വ്യക്തിക്കും ലഭ്യമായ സമയവും ചുറ്റുപാടുകളും വ്യത്യസ്തമാണ്. അതിനാൽത്തന്നെ തങ്ങളുടെ സാഹചര്യങ്ങൾക്ക് ചേരുന്ന പുതുവർഷ തീരുമാനങ്ങളാണ് എടുക്കേണ്ടത്.

ലക്ഷ്യം കൈവരിക്കാനുള്ള വഴിയിൽ ഒട്ടേറെ തടസ്സങ്ങൾ ഉണ്ടാകും . അതിനാൽ. തടസ്സങ്ങളെ നേരിടാനുള്ള മാനസിക തയാറെടുപ്പു നടത്തേണ്ടത് ആവശ്യമാണ്. ലക്ഷ്യങ്ങളെ പിന്തുടരുമ്പോഴുണ്ടാകുന്ന തടസ്സങ്ങളെ മുൻകൂട്ടി കാണുകയും പരിഹാരമാർഗങ്ങൾ തേടുകയും വേണം. പുതുവര്‍ഷ തീരുമാനം അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവയ്ക്കുന്നത് നല്ലതാണ്. അവര്‍ക്ക് ഒരു പക്ഷെ നിങ്ങളെ പ്രചോദിപ്പിക്കാനായേക്കും. സമാനമായ റെസല്യൂഷന്‍സ് എടുത്തവരെ കണ്ടെത്തി അവരുമായി ബന്ധം തുടങ്ങുന്നത് വളരെ നല്ലത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം ഗ്രൂപ്പുകള്‍ നിരവധിയുണ്ട്.

നെഗറ്റീവടിപ്പിക്കാന്‍ പറഞ്ഞതല്ല ഇതൊന്നും. പരാജയപ്പെടുമെന്നു കരുതി ആരും ന്യൂ ഇയര്‍ റെസല്യൂഷന്‍ എടുക്കാതിരിക്കരുത്. പാതി വഴിയില്‍ നിന്നു പോയേക്കാം. എന്നാലും അനുയോജ്യമായ ഒരു തീരുമാനം ഇപ്പോള്‍ തന്നെ എടുക്കാം.. ജീവിതവിജയം നിങ്ങള്‍ക്കുള്ളതാണ്.