Instagram/@the_lanesborough
അതിപ്രശസ്തമായ ലണ്ടന്‍ ഹൈഡ് പാർക്കിലെ ലെൻസ്ബറോ എന്ന അത്യാഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് അവളുടെ താമസം. കഴുത്തിൽ സ്വർണ്ണ കോളർ, കഴിക്കുന്നതാകട്ടെ ലോകത്തെ ഏറ്റവും ചെലവേറിയ ഭക്ഷണമായ ‘കാവിയാര്‍’. പരിചരിക്കാന്‍ സദാ സന്നദ്ധരായ ഒരു ടീം തന്നെ അവള്‍ക്കുചുറ്റിലുമുണ്ട്. പറഞ്ഞുവരുന്നത് ശരിക്കും ഒരു രാജകുമാരിയെപ്പറ്റിയാണ്. 'ദി ലേഡി ഓഫ് ദി ലെൻസ്ബറോ' എന്ന് വിശേഷണമുള്ള സൈബീരിയൻ ഇനത്തിൽപെട്ട പൂച്ച ‘ ലിലിബെറ്റ്’.
ലിലിബെറ്റ് വെറുമൊരു പൂച്ചയല്ല. ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം സ്വപ്നം കാണാൻ കഴിയുന്ന സമൃദ്ധവും ആഡംബരപൂർണ്ണവുമായ ജീവിതമാണ് അവള്‍ നയിക്കുന്നത്. ലണ്ടനിലെ ദ ലേൻസ്ബറോ ഹോട്ടലിലെ വെറുമൊരു താമസക്കാരി മാത്രമല്ല അവള്‍. അതിഥികൾക്കും ജീവനക്കാർക്കും ഒരുപോലെ അനിഷേധ്യയായ സാന്നിധ്യമാണ്. ലിലിബെറ്റിന്‍റെ മനോഹാരിത അവളെ ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ചയാക്കി മാറ്റി. 2019-ൽ ലെൻസ്‌ബറോയിലേക്ക് കാലെടുത്തുവച്ചതുമുതല്‍ ലിലിബെറ്റ് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറി. ഒരു ദിവസം ഒരു മുറിക്ക് 26 ലക്ഷമാണ് ലെൻസ്ബറോയുടെ വാടക.
Instagram/@the_lanesborough
എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ വിളിപ്പേരാണ് ലിലിബെറ്റ്. കൊട്ടാരം പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ രാജ്ഞിയെപ്പോലെ കഴിയുന്ന പൂച്ചസുന്ദരിക്ക് ലഭിച്ചത് ആ പേരാണ്. നീണ്ട രോമങ്ങളാണ് ലിലിബെറ്റിന്. ഇംഗ്ലണ്ടില്‍ നിന്നും വളരെ കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകള്‍ അവളെ സ്വന്തമാക്കിയത്. ഹോട്ടല്‍ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തായതിനാല്‍ തങ്ങളുടെ ‘കുഞ്ഞ് രാജ്ഞി’ക്കും ലിലിബെറ്റ് എന്ന പേരിടുകയായിരുന്നു. ഹോട്ടലില്‍ എവിടെയും യഥേഷ്ടം സഞ്ചരിക്കാന്‍ ലിലിബെറ്റിന് സ്വാതന്ത്ര്യമുണ്ട്. ദിവസം മുഴുവന്‍ യാതൊരു മടിയുമില്ലാതെ അവള്‍ അതിഥികളെ അഭിവാദ്യം ചെയ്യും. എന്നാല്‍ ചില അതിഥികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രധാന ഭക്ഷണശാലയിലേക്ക് കടന്നുചെല്ലാന്‍ മാത്രം അവള്‍ക്ക് അനുവാദമില്ല. ലെന്‍സ്ബറോയില്‍ താമസിക്കാനെത്തുന്നവരുടെ ഒപ്പമെത്തുന്ന വളര്‍ത്തുമൃഗങ്ങളോടും ലിലിബെറ്റിന് പരിചയക്കുറവില്ല. എല്ലാവരോടും വളരെ വേഗം ഇണങ്ങുന്ന അവള്‍ക്ക് പക്ഷേ ഒരാളെ മാത്രം അത്ര ഇഷ്ടമില്ല, ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽ പെട്ട നായ്ക്കളെ.
Instagram/@the_lanesborough
തന്‍റെ പതിവ് പൂച്ച ട്രീറ്റുകള്‍ക്കുപുറമെ വിശിഷ്ട വിഭവമായ ‘കാവിയാറും’ അവളുടെ ഇഷ്ടഭക്ഷണമാണ്. അതീവ മൃദുവായ സോഫകളിലും കിടക്കകളിലുമാണ് വിശ്രമം. ഇടയ്ക്ക് ഗ്രാന്‍ഡ് പിയോനയില്‍ ഒന്ന് വിരലോടിക്കും. പൂച്ചകളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിലും ലിലിബെറ്റ് താരമാണ്. അവളുടെ പേരിൽ ഒരു കോക്ടെയ്ൽ പോലും ഉണ്ട്. ചിത്രങ്ങൾ എടുക്കുമ്പോൾ അവളെ സ്നേഹവും സമ്മാനങ്ങളും കൊണ്ട് പൊതിയുന്നവരാണ് മിക്കവരും. ഹോട്ടലിന്‍റെ പേരിനൊപ്പം തന്നെ പ്രശസ്തയായ ലിലിബെറ്റിനെ കാണാന്‍ വേണ്ടി മാത്രം ഹോട്ടലിലെത്തുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ അവളുടെ സുരക്ഷയില്‍ ഹോട്ടലധികൃതര്‍ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. അവളുടെ ഓരോ ചലനവും നിരന്തരം ട്രാക്ക് ചെയ്യപ്പെടുന്നു. ഹോട്ടലിന്‍റെ സോഷ്യല്‍മീഡിയ പേജുകളിലും ലിലിബെറ്റ് എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.
‘സൈബീരിയൻ’ എന്ന് അറിയപ്പെടുന്ന വളർത്തു പൂച്ച ഇനം റഷ്യയിൽ നിന്നാണ് ഉത്ഭവിച്ചത്. ഇടതൂര്‍ന്നതും മൃദുവായതുമായ രോമങ്ങളാണ് അവയുടെ പ്രത്യേകത. ശക്തിയും ഊര്‍ജസ്വലതയും പ്രകടിപ്പിക്കുന്ന ഇവ നായ്ക്കളെപ്പോലെ ഉടമയോട് വളരെ അടുപ്പവും സ്നേഹവും കാണിക്കുന്നവരാണ്. ഏകദേശം 50,000 രൂപ മുതൽ 1,65,000 രൂപ വരെയാണ് ഈ പൂച്ചകളുടെ വില.