mango-festival

Image Credit : Twitter (X)

ഇന്ത്യയിലെ പ്രശസ്ത മാമ്പഴ മഹോത്സവം അലങ്കോലമാക്കി മാങ്ങ പ്രേമികള്‍. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്ന സമ്മര്‍ ഫ്രൂട്ട് ഫെസ്റ്റിവലായ മാമ്പഴ മഹോത്സവത്തിലേക്കാണ് മാങ്ങ പ്രേമികള്‍ ഇരച്ചെത്തിയത്. ഫെസ്റ്റിവലിന്‍റെ അവസാന ദിനത്തില്‍ എക്സിബിഷന്‍ സെന്‍ററിലേക്ക് ഇരച്ചെത്തിയ ആളുകള്‍ മാങ്ങയ്ക്കായി പിടിവലി കൂടിയതോടെ മാമ്പഴ മഹോത്സവം കലഹത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നാണ് സൈബര്‍ ലോകത്തെ സംസാരം.

ജൂലൈ നാല് മുതല്‍ ആറ് വരെയായിരുന്നു ഈ വര്‍ഷത്തെ മാമ്പഴ മഹോല്‍സവം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ വിവിധ തരം മാങ്ങകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫെസ്റ്റവലിന്‍റെ സമാപനദിവസം വൈകിട്ടാണ് ആളുകള്‍ കൂട്ടത്തോടെ പ്രദര്‍ശനഹാളിലേക്ക് ഇരച്ചെത്തിയത്. മാമ്പഴങ്ങള്‍ രുചിച്ചുനോക്കി വിലകൊടുത്ത് വാങ്ങാനുളള സൗകര്യമുണ്ടായിരുന്നിട്ടും അതിനുതയ്യാറാകാതെ മാങ്ങകള്‍ വാരിയെടുക്കുകയാണ് ആളുകള്‍ ചെയ്തത്.

സാരിയില്‍ പൊതിഞ്ഞും പോക്കറ്റില്‍ തിരുകിയും വിവിധതരം മാങ്ങകള്‍ ആളുകള്‍ വാരിക്കൂട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. മാങ്ങകള്‍ക്കായി പ്രദര്‍ശനഹാളില്‍ ഉന്തും തളളും ആയതോടെ മാമ്പഴ മഹോത്സവം സംഘര്‍ഷത്തിലേക്കും കലഹത്തിലേക്കും വഴനീങ്ങി. കയ്യില്‍ വാരിയെടുക്കാവുന്നത്ര മാങ്ങകളുമായാണ് മാങ്ങ പ്രേമികള്‍ മടങ്ങിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചത്തോടെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. 'നമ്മുടെ രാജ്യത്ത് സ്വാഭിമാനം, സത്യസന്ധത, ബഹുമാനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയ ഒരു കാലം ഉണ്ടായിരുന്നു. അതെല്ലാം നമ്മള്‍ നഷ്ടപ്പെടുത്തി എന്നത് ഹൃദയഭേദകമാണ്' എന്നാണ് വിഡിയോ കണ്ട ഒരു എക്സ് ഉപഭോക്താവിന്‍റെ പ്രതികരണം. ഇത്തരം മോഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഇത്തരം പ്രവര്‍ത്തികള്‍ നാടിന് തന്നെ നാണക്കേടാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഫെസ്റ്റിവല്‍ സമാപിക്കുന്നെന്ന അനൗണ്‍സ്മെന്‍റിന് പിന്നാലെയാണ് ആളുകള്‍ മാങ്ങകള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയത്. വിമര്‍ശിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്ന് വാദിക്കുന്നവരും ഏറെയാണ്. 

ENGLISH SUMMARY:

People rush to ‘loot’ mangoes on display at Lucknow mango festival; netizens question ‘civic sense’