വിവാഹവുമായി ബന്ധപ്പെട്ട് പലരാജ്യങ്ങളിലും പല ആചാരങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. പലപ്പോഴും വിവാഹച്ചടങ്ങുകളുടെ ഭാഗമായാണ് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കാറുള്ളത്. എന്നാല്‍ ആഫ്രിക്കയിലെ മൊറിറ്റാനിയയിലെ വിവാഹവുമായി ബന്ധപ്പെട്ട ആചാരം വളരെ വിചിത്രമാണ്.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിതടിച്ചുകൊഴുത്തിരിക്കണം. അതിനായി ചെറുപ്പം മുതല്‍ അമിതമായി ഭക്ഷണം നല്‍കി പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇവരുടെ രീതി.
തടിച്ച ശരീരം സൗന്ദര്യത്തിന്‍റെ പ്രതീകമായാണ് ഇവിടത്തുകാര്‍ കാണുന്നത്. മെലിഞ്ഞ ശരീരം സൗന്ദര്യമില്ലായ്മയുടെ ലക്ഷണമാണെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ വവാഹദിനം പെണ്‍കുട്ടി സുന്ദരിയായിരിക്കാനായി ചെറുപ്പം മുതല്‍ തന്നെ അതായത് അഞ്ചോ ആറോ വയസാകുന്നത് മുതല്‍ ഇവര്‍ പെണ്‍കുട്ടികള്‍ക്ക് അമിതമായി ആഹാരം നല്‍കി വരുന്നു. ചെറുപ്പം മുതലേ തടിച്ച ശരീര പ്രകൃതമായി മാറിയാല്‍ വിവാഹപ്രായമാകുമ്പോള്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയരാകുമെന്ന ചിന്തയുടെ പുറത്താണ് ഇങ്ങനെ ചെയ്യുന്നത്.
ഈ ആചാരം ലെബ്ലോ എന്നാണ് അറിയപ്പെടുന്നത്. 12 വയസ് ആകുമ്പോഴേക്കും പെണ്‍കുട്ടികള്‍ക്ക് 80 കിലോയ്ക്ക് മുകളില്‍ ഭാരം ഉണ്ടാകണമെന്നാണ് ഇവരുടെ ചിന്ത.അതിനായി പരമാവധി ഭക്ഷണം കഴിക്കാന്‍ ഇവര്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും.ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തി കഴിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം കലോറികളാണ് ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ കഴിക്കേണ്ടി വരുന്നത്. കൊഴുത്ത പാല്, വെണ്ണ, ഈന്തപ്പഴം, മില്ലറ്റുകൾ എന്നിവ തുടരെത്തുടരെ ഇവർക്ക് നൽകും.
അമിതമായി ഭക്ഷണം കഴിച്ച് ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചാല്‍ പോലും ഇവര്‍ ആചാരത്തില്‍ നിന്നും പിന്നോട്ടുപോകില്ല. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ശിക്ഷയും കാത്തിരിപ്പുണ്ട്. കാൽപാദങ്ങളിൽ ചവിട്ടിഞ്ഞരിച്ച് നോവിച്ചും അടിച്ചും ഇവർ പെൺകുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വയർ നിറഞ്ഞ അവസ്ഥയാണെങ്കിൽ നിർബന്ധിച്ചു ഛർദ്ദിപ്പിച്ച ശേഷം വീണ്ടും ഭക്ഷണം നൽകാനും മടിക്കാറില്ല.
വീടുകളില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ക്യാംപുകളും മൗറിറ്റാനിയയിലെ ചിലയിടങ്ങളില്‍ നടത്താറുണ്ട്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള മുതിര്‍ന്ന സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും ഇത്തരത്തില്‍ ക്യാപുകള്‍ നടത്തുക.ഭക്ഷണം കഴിക്കുക മാത്രമല്ല,ശരീരഭാരം നഷ്ടപ്പെടുത്തുന്ന ഒരു ജോലികളും ഈ പ്രായത്തില്‍ പെണ്‍കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കില്ല..കാലം മാറിയതിനനുസരിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിനുപുറമെ ഹോര്‍മോണുകളും മരുന്നുകളും കുത്തിവെച്ചും ചിലര്‍ അമിതഭാരമുണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്.
അമിതവണ്ണമുണ്ടെങ്കിൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് കുടുംബമെന്ന് സമൂഹം കരുതും എന്ന ചിന്താഗതിയും ഈ ആചാരത്തിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്.മെലിഞ്ഞിരിക്കുന്നത് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അടയാളമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്.
ഈ ഭക്ഷണം കഴിപ്പിക്കല്‍ രീതി കാരണം ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഷുഗർ, പ്രഷർ, സങ്കീർണതകൾ നിറഞ്ഞ ഗർഭകാലം തുടങ്ങി ജീവന് തന്നെ ആപത്തായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളുമൊക്കെ ചെറിയ പ്രായത്തിൽ തന്നെ പെണ്‍കുട്ടികള്‍ നേരിടാറുണ്ട്.ഇതിന് പുറമേ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്..
കാലത്തിനൊത്ത മാറ്റം മൂർനസ് വിഭാഗത്തിൽപെട്ടവർക്കിടയിൽ വന്നതിനാൽ ചിലരെങ്കിലും ഇത്തരം ആചാരത്തിൽ നിന്നും പതിയെ പിന്തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
സമൂഹത്തിൽ പേര് നേടുന്നതിന് വേണ്ടി പെൺമക്കളുടെ ആരോഗ്യം പൂർണമായും അപകടത്തിലാക്കിക്കൊണ്ടുള്ള ഈ രീതി ശരിയല്ല എന്ന അവബോധം നൽകാൻ പല സംഘടനകളും ശ്രമിക്കുന്നുമുണ്ട്. സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സ്കൂൾതലം മുതൽ തന്നെ ഇതിനെതിരെ അവബോധം നൽകുന്നു. മാധ്യമങ്ങളിലൂടെയും രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയും ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും ഈ അനാചാരത്തിന് പൂർണമായി തടയിടാൻ സാധിച്ചിട്ടില്ല.