TOPICS COVERED

ആകുലതകളുടെ ദിനങ്ങളാണ് സ്ത്രീകള്‍ക്ക് ആവര്‍ത്തവസമയങ്ങളില്‍. ശരീരപ്രകൃതിക്കനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പ്രശ്നങ്ങളായിരിക്കും നേരിടേണ്ടി വരിക. എന്നാല്‍ തികച്ചും അപൂര്‍വമായ ഒരു പ്രതിസന്ധിയാണ് യുകെയിലെ പോപ്പി എന്ന പെണ്‍കുട്ടിയ്ക്കു അനുഭവിക്കേണ്ടി വന്നത്. മൂന്നുവർഷത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു 23 കാരിയായ പോപ്പിയുടെ ആർത്തവദിനങ്ങൾ. 

ഡോക്ടറെ സമീപിച്ചപ്പോള്‍ സ്കാനിങ്ങിൽ അണ്ഡാശയത്തിൽ സിസ്റ്റുകൾ കണ്ടെത്തി. എങ്കിലും കൃത്യമായ കാരണം കണ്ടെത്തുന്നതില്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടു. രക്തസ്രാവം നീണ്ടു നിൽക്കുന്നതിനാല് തന്റെ ശരീരത്തിൽ അയേണിന്റെ അളവ് കുറഞ്ഞ് പേശികളിലെല്ലാം കഠിനവേദന അനുഭവപ്പെട്ടതായും യുവതി പറയുന്നു. കടുത്ത തലവേദനയും ക്ഷീണവും ഉണ്ടായി. ആർത്തവം മൂന്നുമാസം നീണ്ടു നിന്നപ്പോൾ പോപ്പിക്ക് പിസിഒഎസ് ഉണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് മരുന്നുകൾ കഴിച്ചെങ്കിലും രക്തസ്രാവം തുടരുകയും കടുത്ത നിരാശയിലാവുകയും ചെയ്തെന്നും യുവതി കൂട്ടിച്ചേർത്തു.

ഒടുവിൽ ആർത്തവം 950 ദിവസം പിന്നിട്ടപ്പോൾ ടിക്ടോക്ക് ഉപയോക്താക്കളുടെ സഹായത്തോടെയാണ് രക്തസ്രാവം തുടരുന്നതിലെ യഥാർഥ കാരണം കണ്ടെത്തിയത്. ഗർഭപാത്രത്തിന്റെ ആകൃതി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായതായിരിക്കാം ഈ അവസ്ഥയ്ക്കു കാരണം. ഗർഭപാത്രം ഹൃദയത്തിന്റെ ആകൃതിയിലാണെങ്കിൽ രക്തസ്രാവമുണ്ടാകുമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. അൾട്രാസൗണ്ട് സ്കാനിങ്ങിൽ ഗർഭപാത്രത്തിന്റെ ആകൃതിയിലെ വ്യത്യാസം തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും അത് ഡോക്ടർമാർ കാര്യമാക്കാതിരുന്നതിൽ തനിക്ക് അതിശയം തോന്നുന്നെന്നും പോപ്പി പറഞ്ഞു. 

ഗർഭപാത്ര ആകൃതിയിലെ വ്യത്യാസം കാര്യമാക്കത്തതിനാൽ തന്നെ പരിശോധനകൾ തുടര്‍ന്നു.അഞ്ച് ശതമാനം സ്ത്രീകൾക്കു മാത്രമാണ് ഗർഭപാത്രത്തിന്റെ ആകൃതിയിൽ വ്യത്യാസമുണ്ടാകുന്നത്. അപൂർവം ചിലരിൽ ഇത് രക്തസ്രാവത്തിനും പെൽവിക് മസിലുകളുടെ പ്രശ്നങ്ങൾക്കും കാരണമായേക്കാം. തുടർന്ന് ആശുപത്രിയിലെത്തി ഗർഭപാത്രത്തിന്റെ ആകൃതി ശരിയാക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തണമെന്ന് പോപ്പി തന്നെ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. എന്തായാലും രക്തസ്രാവമില്ലാത്ത ദിവസങ്ങള്‍ സ്വർഗ തുല്യമാണെന്നാണ് ഇപ്പോൾ പോപ്പി പറയുന്നത്.

ENGLISH SUMMARY:

I've had a continuous period for a THOUSAND days and counting... doctors tell me it might never end