പാൽചായയോ കാപ്പിയോ കൂടാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലുമാകില്ല. അതിനാൽ തന്നെ പാൽ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാൽ പാലിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പലർക്കുമുണ്ട്. നിത്യേന നാം കുടിക്കുന്ന പാലിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

പാലിന്‍റെ കൊഴുപ്പും കട്ടിയും നഷ്ടപ്പെടാതെ നേർപ്പിച്ചത് മറച്ചുവെക്കാൻ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്നാണ് ഡിറ്റർജന്റ് എന്ന് കേട്ടാൽ വിശ്വസിക്കാൻ സാധിക്കുമോ? ലളിതമായ ഒരു ഹോം ടെസ്റ്റിലൂടെ പാലിൽ ഡിറ്റർജന്റ് കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ജാഗ്രത പാലിക്കാനും സാധിക്കുമെന്ന് പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാലിലെ ഡിറ്റർജന്റ് തിരിച്ചറിയാനുള്ള ലളിതമായ പരിശോധന ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് FSSAI പങ്കുവച്ചിരിക്കുന്നത്.

എങ്ങനെ പരിശോധിക്കാം?

ഒരു ചെറിയ ഗ്ലാസിൽ 5–10 മില്ലിലീറ്റർ പാൽ എടുക്കുക. തുടർന്ന് ഗ്ലാസ് നന്നായി കുലുക്കുക. പാലിൽ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുക. കുലുക്കിയതിന് ശേഷം അമിതമായ നുരയോ പതയോ രൂപപ്പെടുന്നുണ്ടെങ്കിൽ, പാലിൽ ഡിറ്റർജന്റ് പോലുള്ള മായം ചേർത്തിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പരിശോധന വ്യക്തമാക്കുന്നത്. സാധാരണ പാലിലും ചെറിയ അളവിൽ നുര രൂപപ്പെടാം. എന്നാൽ കട്ടിയുള്ള നുര സ്ഥിരമായി നിലനിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

എന്തുകൊണ്ടാണ് പത ഉണ്ടാകുന്നത്?

വെള്ളം ചേർത്ത് നേർപ്പിച്ച പാലിൽ പതപ്പുണ്ടാക്കാൻ വേണ്ടിയാണ് സിന്തറ്റിക് ഡിറ്റർജന്റുകളോ സോപ്പോ ചേർക്കുന്നത്. ശുദ്ധമായ പാലിന് ഉയർന്ന പ്രതലബലമുള്ളതിനാൽ തന്മാത്രകൾ പരസ്പരം ശക്തമായി ഒട്ടിനിൽക്കുന്നു. അതിനാൽ ശുദ്ധമായ പാൽ കുലുക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ വായുകുമിളകൾ തൽക്ഷണം പൊട്ടിപ്പോകുന്നു. എന്നാൽ ഡിറ്റർജന്റ് ചേർക്കുമ്പോൾ അതിലെ 'സർഫക്റ്റന്റ്' തന്മാത്രകൾ ദ്രാവകത്തിന്റെ പ്രതലബലം കുറയ്ക്കുന്നു. ഈ തന്മാത്രകൾ ജലത്തിന്റെയും വായുവിന്റെയും അതിരുകളിൽ ഒരു ഇലാസ്റ്റിക് പാളിയായി മാറി വായുവിനെ ഉള്ളിലാക്കുന്നു. ഇത് കുമിളകൾ പെട്ടെന്ന് പൊട്ടിപ്പോകാതെ കൂടുതൽ നേരം നിലനിൽക്കാൻ കാരണമാകുന്നു. അതുവഴിയാണ് കൂടുതൽ നുര രൂപപ്പെടുന്നത്.

മായം ചേർത്ത പാൽ വാങ്ങുന്നത് എങ്ങനെ ഒഴിവാക്കാം?

കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ബ്രാൻഡുകളിൽ നിന്ന് പാൽ വാങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. പാക്കറ്റോ കാർട്ടണോ വാങ്ങുന്നതിന് മുമ്പ് പാക്കിങ് സീൽ, ഘടകങ്ങൾ, സുരക്ഷാ ലോഗോകൾ എന്നിവ ശ്രദ്ധിക്കുക. പാക്കറ്റിൽ നിന്ന് പാത്രത്തിലേക്ക് പാൽ ഒഴിക്കുമ്പോൾ അതിന്റെ നിറം, മണം, ഘടന എന്നിവയിൽ അസാധാരണമായ മാറ്റങ്ങളുണ്ടോ എന്നും ശ്രദ്ധിക്കാം. പാക്കറ്റിൽ പച്ച നിറത്തിലുള്ള FSSAI ലോഗോയും 14 അക്ക ലൈസൻസ് നമ്പറും ഉൾപ്പെടുന്ന 'ട്രസ്റ്റ് മാർക്ക്' പരിശോധിക്കുക. സാധാരണ പ്ലാസ്റ്റിക് കവറുകൾക്ക് പകരം ടെട്രാ പാക്കുകൾ തിരഞ്ഞെടുക്കുന്നതും പരിഗണിക്കാം. സാധാരണ പാൽ കവറുകൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനും വിതരണ സമയത്ത് അവയിൽ കൃത്രിമം നടത്താനുമുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവെയുള്ള ആശങ്ക.

Simple Home Test for Detergent in Milk:

Detecting detergent adulteration in milk is crucial for safe consumption, and the FSSAI has shared a simple home test to identify this common contaminant. Understanding how to perform this test and what to look for can help consumers ensure they are drinking pure milk