മീനുകളെ തൊടാതെതന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന 'മത്സ്യമെട്രിക്' മൊബൈൽ ആപ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യയിനങ്ങളുടെ സ്റ്റോക്ക് അസസ്മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി അവയുടെ അളവുകൾ തിട്ടപ്പെടുത്താൻ ആപ് വഴി സാധിക്കും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽത്തന്നെ ആപ്പിൽ രേഖപ്പെടുത്താം. ഈ വിവരങ്ങൾ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങൾക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.
ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാൻ 'മത്സ്യമെട്രിക്' ആപ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു. സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റും ഐസിഎആർ നാഷണൽ ഫെലോയുമായ ഡോ.എൽദോ വർഗീസാണ് ആപ് വികസിപ്പിച്ചത്.
എആർ കോർ പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ് പ്രവർത്തിക്കും. ഫോൺ ക്യാമറ മീനുകൾക്കു നേരെ പിടിക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന മെഷറിങ് ഗൈഡ് വഴിയാണ് നീളവും വീതിയും അളക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഐസിഎആർ നാഷണൽ ഫെലോ പ്രോജക്റ്റിന്റെ ഭാഗമായാണ് ഇത് തയാറാക്കിയത്.
ENGLISH SUMMARY:
The ICAR-Central Marine Fisheries Research Institute (CMFRI) has developed an innovative mobile application named 'Matsyametri' to measure the length and width of fish without physical touch using smartphones. Developed under an ICAR National Fellow project led by Senior Scientist Dr. Eldho Varghese, the app leverages ARCore technology on Android devices to display a measurement guide on the screen. It allows researchers to capture images, process multiple samples in a single session, and automatically classify data for scientific stock assessment studies. CMFRI Director Dr. Grinson George stated that this digital tool will significantly simplify fish data collection during field surveys and improve stock evaluation efficiency.