sardine-roe

TOPICS COVERED

 

നമ്മുടെ സംസ്ഥാന മല്‍സ്യം കരിമീനാണെങ്കിലും ആളുകളുടെ പ്രിയപ്പെട്ട മീനും, കഴിക്കുന്നതും കരിമീനല്ല. ആ ബഹുമതി മത്തിക്ക് (ചാള) മാത്രമാണ്. പൊതുവെ മണ്‍സൂണ്‍ കാലത്താണ് ഏറ്റവും സുലഭമായി മത്തി ലഭ്യമാകുകയെങ്കിലും മലയാളികളുടെ തീന്‍മേശകളില്‍ വര്‍ഷത്തിലുടനീളം മത്തി കറിയായും ഫ്രൈയായും എത്താറുണ്ട്. എന്നാല്‍ മത്തിയേക്കാളേറെ മൂല്യവും ഒരുപക്ഷെ രുചിയുമുള്ള ഒരു വസ്തു അപൂര്‍വമായി മത്തിക്കൊപ്പം തന്നെ ഫ്രീയായി ലഭിക്കാറുണ്ട്. പഞ്ഞി, പരിഞ്ഞിൽ, എണർ എന്നെല്ലാം പ്രാദേശികമായി വിളിക്കുന്ന മത്തി മുട്ട ആണിത്. 

തോരനാക്കിയാലും പൊരിച്ചാലും കിടിലന്‍ ടേസ്റ്റുള്ള മത്തി മുട്ട എന്നാല്‍ മുഴുവനായും മുട്ടയല്ലെന്ന് എത്ര പേര്‍ക്കറിയാം. മത്തിമുട്ടയെന്ന് പറഞ്ഞ് നിങ്ങള്‍ ഇത്രയും കാലം വെട്ടിവിഴുങ്ങിയതില്‍ വലിയൊരു ശതമാനവും മത്തികളുടെ ബീജ സഞ്ചികളാണെന്നതാണ് സത്യം. അറപ്പ് വേണ്ട... വെറുക്കുകയും വേണ്ട. ഇത്രയും കാലം കഴിച്ചതല്ലേ... പൂര്‍ണമായും സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ വസ്തു തന്നെയാണിത്.

മത്തികൾ അവയുടെ ജീവിതചക്രത്തിൽ ഒരു തവണ മാത്രമാണ് മുട്ടയിടുന്നത്. ഒരു പെൺമത്തി ഒരേസമയം ഏകദേശം അര ലക്ഷത്തോളം മുട്ടകൾ വരെ ഇടാറുണ്ട്. ഇളം മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. എന്നാല്‍ മത്തിയുടെ ബീജസഞ്ചി ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. തൂവെള്ള, പിങ്ക് നിറങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത്. 

രൂപം മാറ്റിനിര്‍ത്തിയാല്‍ രുചിയിലും കട്ടിയിലും പാകപ്പരുവത്തിലുമാണ് മത്തിമുട്ടയും ബീജസഞ്ചിയും തമ്മില്‍ പ്രധാനമായും വ്യത്യാസം ഉള്ളത്. ബീജസഞ്ചികള്‍ മത്തിമുട്ടയേക്കാള്‍ ഏറെ കട്ടി കുറഞ്ഞതാണ്. ഇത് പെട്ടന്ന് വെന്തുടയാനും സാധ്യത കൂടുതലാണ്. ആയതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം ഇവ പാചകം ചെയ്യാന്‍. മത്തിമുട്ടയാകട്ടെ കുറച്ചുകൂടി കട്ടിയുള്ള വസ്തുവാണ് ഇത് കീറിനോക്കിയാല്‍ തരിതരിയായുള്ള ഓരോ മുട്ടകളും കാണാന്‍ സാധിക്കും. മാത്രമല്ല ഇത് പാചകം ചെയ്യുമ്പോള്‍ പൊടിയുന്നതും സാധാരണയാണ്. 

രണ്ടിനും വ്യത്യാസം അറിയാതെ കഴിക്കുന്നതിനാല്‍ രുചിയുടെ മാറ്റം പലരും ശ്രദ്ധിച്ചു കാണില്ല. എങ്കിലും ബീജസഞ്ചിയാണ് മത്തിമുട്ടിയേക്കാള്‍ കൂടുതല്‍ രുചിയെന്ന് ചിലര്‍ പറയുന്നു.  വൈറ്റമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായതിനാല്‍ ആരോഗ്യം നോക്കുന്നവര്‍ക്കും രണ്ടും മികച്ച ആഹാരമാണ്. ഇനി ഇത് കിട്ടുമ്പോള്‍ മുട്ടയും ബീജസഞ്ചിയും വെവേറെ പാചകം ചെയ്ത് നോക്കൂ. രുചിയുടെ വ്യത്യാസമറിയാം. 

ENGLISH SUMMARY:

While Kerala's state fish is Kareemeen, Mackerel (Chala) is the most loved and consumed fish. The article discusses the nutritional and taste differences between mackerel eggs and milt, both often mistaken and consumed together, highlighting their safety and health benefits.