Image Credit : Twitter
വെജ് ബിരിയാണിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി അഖണ്ഡ പരശുറാം അഖാഡ. ഹരിദ്വാറിലാണ് അഖണ്ഡ പരശുറാം അഖാഡ സംഘം ഇതിനായി ക്യാംപെയിനിന് തുടക്കമിട്ടത്. ബിരിയാണി എന്ന പേര് ഹരിദ്വാറിന്‍റെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വത്തിന് ചേരുന്നതല്ല എന്നാണ് സംഘടനയിലെ അംഗങ്ങളുടെ വാദം. വെജ് ബിരിയാണിയെന്ന പേരിന് പകരം വെജ് പുലാവ് എന്നാക്കി മാറ്റണമെന്നാണ് സംഘാംഗങ്ങളുടെ ആവശ്യം.
ക്യാംപെയിനിന്‍റെ ഭാഗമായി സംഘടനയിലെ അംഗങ്ങൾ നഗരത്തിലുടനീളമുള്ള ഭക്ഷണശാലകളും തട്ടുകടകളും സന്ദർശിക്കുകയും വെജ് ബിരിയാണി എന്ന് എഴുതിയിരുന്ന ബോർഡുകളിലും മെനു കാർഡുകളിലും, അതിന് മുകളിലായി വെജ് പുലാവ് (veg pulao) എന്നെഴുതിയ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി മുതല്‍ വെജ് ബിരിയാണി എന്നതിന് പകരം വെജ് പുലാവ് എന്ന് ഉപയോഗിക്കണമെന്ന് അവർ കച്ചവടക്കാരോട് ആവശ്യപ്പെടുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹരിദ്വാറിന്‍റെ പരമ്പരാഗതവും ആത്മീയവുമായ സ്വഭാവം നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് അഖണ്ഡ പരശുരാം അഖാഡ അധ്യക്ഷൻ അധിർ കൗശിക് പറഞ്ഞു. ബിരിയാണി എന്നത് മുസ്ലിം വ്യക്തിത്ത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും അത് മുഗള്‍ അധിനിവേശക്കാർ ബലമായി അടിച്ചേൽപ്പിച്ചതാണെന്നും അധിർ കൗശിക് പറയുന്നു. 'ഇത് ഹരിദ്വാറിന്റെ പവിത്രതയ്ക്ക് വിരുദ്ധമാണ്, അത് ഞങ്ങൾക്ക് സഹിക്കാനാവില്ല. ഞങ്ങൾ കച്ചവടക്കാർക്ക് എതിരല്ല, പക്ഷേ അവർ ബിരിയാണി എന്ന പേര് മാറ്റി പുലാവ് എന്നാക്കണമെന്നും കൗശിക് പറഞ്ഞു.
ഇതിനിടയില്‍ പുലാവ് എന്ന പദത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പുലാവ് എന്ന പദവും പേർഷ്യയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും മധ്യ-പശ്ചിമേഷ്യയിലുടനീളം ഈ വിഭവം ജനപ്രിയമാണെന്ന് പലരും ചൂണ്ടിക്കാണിച്ചപ്പോള്‍ പുലാവ് എന്ന വാക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് കൗശിക് വാദിച്ചത്. അതേസമയം ഈ പ്രചാരണത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് സിറ്റി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. റാണയുടെ പ്രതികരണം. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും കെ.എസ്. റാണ പറഞ്ഞു.