സപ്ലൈകോ സി എം ഡി ആയിരുന്ന പി.എം.അലി അസ്ഗർ പാഷയ്ക്ക് ഫയലുകൾ മാത്രമല്ല, മീൻ കറിയുടെ എരിവും പുളിയും നന്നായി നോക്കാനറിയാം. പാചകത്തോടുള്ള പാഷയുടെ പാഷന്റെ പേരാണ് കൊച്ചി കണ്ടെയ്നർ റോഡിലുള്ള മീമി റസ്റ്ററന്റ്.
റസ്റ്ററന്റിന്റെ മീമി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, മീൻ വിഭവങ്ങൾ ആണ് പ്രധാനം. വരാപ്പുഴയിലെ കാളാഞ്ചിയും ചെമ്പല്ലിയും കരിമീനും നാടൻ വരാലും ലൈവ് ആയി പാചകം ചെയ്തു കിട്ടും. 100 രൂപയുടെ ഊണിന് പത്തിലധികം മീൻ വിഭവങ്ങൾ. കൂട്ടത്തിൽ ചെമ്മീൻ വെറൈറ്റികളും.
മുൻ കലക്ടറുടെ കൈപ്പുണ്യം മാത്രമല്ല മീമിയിൽ ഉള്ളത്. ചേച്ചിമാരുടെ നല്ല അസ്സൽ പാചക വിദ്യകളും കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കും. നല്ല ഭക്ഷണം വിളമ്പിയാൽ, എത്ര ദൂരെ നിന്നാണെങ്കിലും ആളുകൾ മീമിയിലേക്ക് വീണ്ടും എത്തുമെന്നാണ് പാഷയുടെ പക്ഷം. പതിവായി കഴിക്കാൻ എത്തുന്നവർ ഒരു കുടുംബം പോലെ ആയതു തന്നെ അതിനുള്ള തെളിവാണ്. അതുകണ്ട് രസിക്കാനാണ്, ബംഗളുരുവിലെ വീട്ടിൽ നിന്ന് രണ്ടു ദിവസം കൂടുമ്പോൾ പാഷ മീമിയുടെ അടുക്കളയിലേക്ക് എത്തുന്നത്.