കൂത്താട്ടുകളും നഗരസഭാ കൗണ്‍സലര്‍ ലിസി ജോസ് മലയാളിക്ക് പ്രിയപ്പെട്ട മഹാനടന്‍റെ മനം കീഴടക്കിയ കൈപ്പുണ്യത്തിന് ഉടമകൂടിയാണ്. പാരമ്പര്യത്തിന്‍റെ രുചിക്കൂട്ടുകൊണ്ട് നാവില്‍ പെരുന്നാള് തീര്‍ക്കുന്ന പലഹാരങ്ങളാണ് ലിസിയുടെ മാസ്റ്റര്‍ പീസുകള്‍. സൂപ്പര്‍ സ്റ്റാറിനെയും കുടുംബത്തെയും തന്‍റെ ഫാനാക്കി മാറ്റിയ പാചക വൈദഗ്ധ്യം.
വീടിനോട് ചേര്‍ന്നാണ് ലിസിയുടെ പാചക പരീക്ഷണശാല. പാരമ്പര്യ പലഹാരക്കൂട്ട് ഒരുക്കാന്‍ കൂട്ടായി ഷൈനിയും. നാടന്‍ ശൈലിയില്‍ അച്ചപ്പം, കുഴലപ്പം, അരുമുറുക്ക്, ഉപ്പേരി തുടങ്ങി മനസ് നിറയ്ക്കുന്ന മെനു. അമ്മയില്‍ നിന്ന് പകര്‍ന്നുകിട്ടിയ കൈപ്പുണ്യവുമായി അഞ്ചു വര്‍ഷം മുന്‍പാണ് ഈ രീതിയില്‍ പലഹാര നിര്‍മാണത്തിന് ലിസി അടുപ്പ് കൂട്ടിയത്.
കഴിച്ചവര്‍ കഴിച്ചവര്‍ മനംനിറഞ്ഞ് അഭിനന്ദിച്ചപ്പോള്‍ ആ കറുമുറ കഥ അങ്ങനെ വളര്‍ന്നു. അത് സാക്ഷാല്‍ മോഹന്‍ലാലിന്‍റെ വീട്ടിലുമെത്തി. സുഹൃത്തിന്‍റെ വീട്ടില്‍വച്ച് ആദ്യം സുചിത്ര മോഹല്‍ലാണ് ലിസിയുടെ കൈപ്പുണ്യത്തിന്‍റെ രുചിയറിഞ്ഞത്. പിന്നെ മോഹന്‍ലാല്‍സ് ടേസ്റ്റ് ബഡിന് വിരുന്നായി തീന്‍മേശയിലേയ്ക്ക് ലിസിയുടെ വീട്ടില്‍ നിന്ന് വിഭവങ്ങളെത്തി.
വെളിച്ചെണ്ണയില്‍ ഇപ്പോള്‍ പലഹാരങ്ങള്‍ പാചകം ചെയ്തു നല്‍കുക പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ്. കാരണം പൊള്ളുന്ന വില തന്നെ. എന്തായാലും ലിസിയുടെ പലഹാരങ്ങളുടെ രുചി ആസ്വദിക്കാന്‍ തുടങ്ങിയാല്‍ ഡയറ്റ് പ്ലാനൊക്കെ അങ്ങ് മറന്നുപോകും എന്നാണ് കടയില്‍ വരുന്നവര്‍ പറയുന്നത്.