മാറുന്ന ജീവിത ശൈലി രോഗങ്ങളും അവയെക്കുറിച്ചുള്ള ചര്‍ച്ചകളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വര്‍ധിച്ചുവരുന്ന കരള്‍രോഗികളുടെ എണ്ണവും സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണക്രമം ഉള്‍പ്പടെ നിരവധി കാരണങ്ങളാണ് കരള്‍ രോഗത്തിലേക്ക് നയിക്കുന്നത്. പ്രത്യേകിച്ച് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള പ്രധാന കാരണം ഭക്ഷണം തന്നെയാണെന്ന് ഡോക്ടര്‍മാരും പറയുന്നു.
വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെയും റിച്ച്മണ്ട് വിഎ മെഡിക്കൽ സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ , ഒരു നേരത്തെ ഭക്ഷണത്തില്‍ മാംസത്തിന് പകരം സസ്യാധിഷ്ഠിത പ്രോട്ടീനുകൾ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തി.
ഇത്തരത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതുവഴി കരൾ രോഗികളിൽ കാണപ്പെടുന്ന ദോഷകരമായ അമോണിയയുടെ അളവ് കുറയുന്നു. രക്തത്തിലെ ഉയർന്ന അളവിലുള്ള അമോണിയ സിറോസിസിന് കാരണമാകുന്നു. ദഹനപ്രക്രിയയില്‍ വിഷവസ്തുക്കളെ നശിപ്പിക്കാനുള്ള കരളിന്‍റെ കഴിവിനെ സിറോസിസ് ബാധിക്കുന്നു.
സിറോസിസ് രോഗികളിൽ അമോണിയ രക്തത്തിൽ അടിഞ്ഞ് തലച്ചോറിലെത്തി ഹെപ്പാറ്റിക് എൻസെഫലോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ജീവന് ഭീഷണിയായേക്കാം. ഇത്തരത്തില്‍ അമോണിയ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത് ആശയക്കുഴപ്പം, മയക്കം, ബോധമില്ലാത്ത അവസ്ഥ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ പോലും ഈ അവസ്ഥ ഗുരുതരമായേക്കാം.
ഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കുന്നത് കരൾ രോഗികളെ എങ്ങനെ സഹായിക്കുമോയെന്ന് മനസ്സിലാക്കാൻ , ഗവേഷകർ സിറോസിസ് ബാധിച്ച 30 മുതിർന്ന രോഗികളെ പഠന വിധേയമായി നിരീക്ഷിച്ചു. അവരെല്ലാം സാധാരണയായി ചുവന്ന മാംസം(റെഡ് മീറ്റ്) അടങ്ങിയതും നാരുകൾ കുറവുള്ളതുമായ ഭക്ഷണക്രമമാണ് പിന്തുടര്‍ന്നുവന്നിരുന്നത്. പഠനത്തിന്‍റെ ഭാഗമായി ഈ 30 പേര്‍ക്കും മൂന്ന് തരം ബർഗറുകള്‍ നല്‍കി.
ബീഫ്/പന്നിയിറച്ചി ഉപയോഗിച്ച ബര്‍ഗറുകളായിരുന്നു ഒന്നാമത്തേത്. ഇവ കൂടാതെ സോയ ഉള്‍പ്പെടെ മാംസത്തിന് പകരം ഉപയോഗിക്കുന്ന വീഗന്‍ മീറ്റ്, മറ്റ് സബ്സ്റ്റിറ്റ്യൂട്ടുകള്‍, സസ്യാഹാരം എന്നിങ്ങനെ 20ഗ്രാം പ്രോട്ടീന്‍ അടങ്ങിയ മൂന്ന് തരം ബര്‍ഗറുകള്‍ 30 പേര്‍ക്കും നല്‍കി. കൊഴുപ്പു കുറഞ്ഞ പൊട്ടറ്റോ ചിപ്‌സ്, ഒരു ബൺ, വെള്ളം എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഈ ഭക്ഷണത്തിൽ മസാലകളോ മറ്റ് ചേരുവകളോ ചേര്‍ക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
തുടര്‍ന്ന് രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മീറ്റ് ബര്‍ഗറുകള്‍ കഴിച്ചവരില്‍ അമിനോ ആസിഡുകളുടെ അളവ് കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഇടയ്ക്ക് മാംസം ഒഴിവാക്കുന്നത് ഉള്‍പ്പെടെ ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ പോലും ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുണ്ടെന്നും, അമോണിയയുടെ അളവ് കുറയ്ക്കുന്നതിലൂടെ കരളിന് ഗുണം ചെയ്യുമെന്നും റിച്ച്മണ്ട് വിഎ മെഡിക്കൽ സെന്ററിലെ ഹെപ്പാറ്റിക് എൻസെഫലോപ്പതി വിദഗ്ദ്ധനായ ജസ്മോഹൻ ബജാജ് പറഞ്ഞു. മാംസമില്ലാതെ ഭക്ഷണം കഴിച്ച് അമോണിയ കുറയുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിനും കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.