Image Credit; Instagram
കാട്ടുമൃഗങ്ങളെ ഉള്‍പ്പടെ പിടിച്ച് പച്ചയ്ക്ക് തിന്നുന്ന വിദേശികളുടെ വിഡിയോകള്‍ പലതും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മീനും പോത്തിറച്ചിയും ചിക്കനും പച്ചയ്ക്ക് തിന്നുന്ന ഒരു പെണ്‍കുട്ടിയുണ്ട് കേരളത്തില്‍. കോഴിക്കോട്ടുകാരിയായ ശ്രിമിനയുടെ ഇന്‍സ്റ്റഗ്രാം റീലുകളില്‍ പലതും അല്പം ഞെട്ടലോടെയാണ് മലയാളികള്‍ കാണുന്നത്.
കോര മീന്‍ കഴുകി മുറിച്ച് വൃത്തിയാക്കിയ ശേഷം പച്ചയ്ക്ക് തിന്നുന്ന വിഡിയോ, മഞ്ഞപ്പൊടി ഇട്ട് വേവിച്ച കോഴിക്കാല് തിന്നുന്ന വിഡിയോ, ചിക്കന്‍ പച്ചയ്ക്ക് തിന്നുന്ന വിഡിയോ, തല പോലും മുറിക്കാതെ പച്ചമത്തി വിഴുങ്ങുന്ന വിഡിയോ തുടങ്ങി കണ്ട് നില്‍ക്കാന്‍ കഴിയാത്ത നിരവധി കണ്ടന്‍റുകള്‍ ശ്രിമിനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ട്.
മുള്ളുണ്ട്, അത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് മീനുകളെ ശ്രിമിന പച്ചയ്ക്ക് തിന്നുന്നത്. വയറിളക്കമല്ലാതെ മറ്റൊരു പ്രശ്നവും ഇതുവരെ തനിക്ക് വന്നിട്ടില്ലെന്നാണ് ശ്രിമിന പറയുന്നത്.
എന്നാല്‍, ഏത് സാഹചര്യത്തിലായാലും ശരിയായി വേവിക്കാതെ ഇറച്ചിയോ മീനോ കഴിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പന്നിയിറച്ചി വേവിക്കാതെ കഴിച്ചതിലൂടെ, യുവാവിന്റെ ശരീരത്തിനുള്ളിൽ ഇടുപ്പിലും കൈകാലുകളിലുമായി നാടവിരകളുടെ നൂറുകണക്കിന് മുട്ടകള്‍ കണ്ടെത്തിയ വാര്‍ത്ത ഫ്‌ളോറിഡയിലെ എമർജൻസി ഡോക്ടറായ സാം ഗാലി ഈയിടെ എക്സില്‍ പങ്കുവെച്ചിരുന്നു.
ശരിക്ക് പാകം ചെയ്യാതെ പന്നിയിറച്ചി കഴിച്ചതിലൂടെ യുവാവിന്റെ ശരീരത്തിനുള്ളിലെത്തിപ്പെട്ട നാടവിര മുട്ടയിട്ട് പെരുകിയ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ അവസ്ഥയെ ടെനിയ സോലിയം ഇന്‍ഫെക്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ അപകടകരമായ അണുബാധ നാഡീവ്യൂഹത്തെയോ തലച്ചോറിനെയോ ബാധിച്ചാല്‍ രോഗിയുടെ നില അപകടാവസ്ഥയിലാവും.