vehicle-checking

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

വാഹനപ്രേമികൾക്ക് തങ്ങളുടെ വാഹനങ്ങളില്‍ മാറ്റങ്ങൾ വരുത്താൻ എപ്പോഴും താല്പര്യമുണ്ടാകും. എന്നാൽ തോന്നുന്നതുപോലെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. വാഹനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നതിനെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് നൽകിയ മറുപടി ഇതാ...

സംസ്ഥാനങ്ങൾക്ക് സ്വന്തമായി മാനദണ്ഡം ഉണ്ടാക്കാമോ?

വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 പ്രകാരം സംസ്ഥാനങ്ങൾക്ക് പ്രത്യേക അധികാരമുള്ളതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള അധികാരം സെക്ഷൻ 112(2) പ്രകാരം സംസ്ഥാന സർക്കാരുകൾക്കോ അവർ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ ഉണ്ട്.

എന്തെല്ലാം മാറ്റങ്ങള്‍ ആവാം?

വണ്ടിയിൽ ഒന്നും മാറ്റാൻ കഴിയില്ല എന്ന് കരുതേണ്ട. താഴെ പറയുന്ന നാല് കാര്യങ്ങൾക്ക് നിയമം അനുമതി നൽകുന്നുണ്ട്

  • വേറെ ഇന്ധനത്തിലേക്കോ ഊർജ്ജ സ്രോതസ്സിലേക്കോ വണ്ടിയെ മാറ്റാൻ എന്‍ജിനിലോ അതിന്റെ ഭാഗങ്ങളിലോ മാറ്റങ്ങൾ വരുത്താം
  • ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ.
  • സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കൽ.
  • ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾ (Adapted vehicle)

ആര്‍സി ബുക്കിലുള്ളത് മാറ്റാന്‍ പാടില്ല

1988-ലെ മോട്ടോർ വാഹന നിയമം (സെക്ഷൻ 52(1)) ഈ കാര്യത്തിൽ വളരെ കർശനമാണ്. വാഹന നിർമ്മാതാക്കൾ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾക്ക് വിരുദ്ധമായി വണ്ടിയിൽ ഒരു രൂപമാറ്റവും വരുത്താൻ പാടില്ല എന്ന് നിയമം പറയുന്നു. എന്നാൽ ചില പ്രത്യേക കാര്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾ പാലിച്ച് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

മുൻകൂർ അനുമതി നിർബന്ധം

വാഹനത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ രജിസ്റ്ററിങ് അതോറിറ്റിയിൽ നിന്ന് ഫോം 22-C മുഖേന (നേരിട്ടോ ഓൺലൈനായോ) മുൻകൂർ അനുമതി വാങ്ങിയിരിക്കണം. ഏതെങ്കിലും വർക്ക്ഷോപ്പിൽ കയറ്റി വണ്ടി മോഡിഫൈ ചെയ്യാമെന്ന് കരുതേണ്ട. ഒറിജിനൽ എക്യുപ്മെൻ്റ് മാനുഫാക്ചറർ (OEM), വാഹന നിർമ്മാതാക്കളുടെ ഡീലർ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക്ഷോപ്പുകൾ വഴിയേ ഈ മാറ്റങ്ങൾ ചെയ്യാൻ പാടുള്ളൂ (CMVR 112-ാം ചട്ടം). മാറ്റങ്ങൾ വരുത്തിയ ശേഷം കംപ്ലയൻസ് സർട്ടിഫിക്കറ്റ് കിട്ടി 14 ദിവസത്തിനകം അത് ആർ.സി ബുക്കിൽ രേഖപ്പെടുത്താൻ അപേക്ഷിക്കുകയും വേണം.

ENGLISH SUMMARY:

The central government has outlined strict regulations regarding vehicle modifications in India in response to a query in the Rajya Sabha. While the Motor Vehicles Act prohibits altering vehicles against the details specified in the registration certificate, specific changes for safety, alternative fuels, and specially-abled individuals are permitted. Vehicle owners must obtain prior approval through Form 22-C from registering authorities before proceeding with any authorized alterations. Furthermore, all modifications must be executed exclusively by authorized workshops or original equipment manufacturers, and compliance certificates must be updated in the RC book within fourteen days.