Image: Social Media

തിരഞ്ഞെടുപ്പ് കാലത്ത് വാഹനപ്രേമികളുടെ ഇടയില്‍ വൈറലായിരുന്നു വി.ഡി.സതീശന്‍റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. അപകടകരമല്ലാത്ത രീതിയില്‍ വണ്ടിയില്‍ നടത്തുന്ന മോഡിഫിക്കേഷന്‍സ് തെറ്റല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ‘അല്ലാതെയുള്ളവ നടക്കട്ടേ, ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ’ എന്നായിരുന്നു പ്രതികരണം. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകള്‍ ക്രമവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യു‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഉണ്ടായിരുന്നു. ഒടുവില്‍ ആ വാഗ്ദാനത്തിലേക്ക് ആദ്യ ചുവടുവയ്പ്പും സര്‍ക്കാര്‍ നടത്തി. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് ഗതാഗത കമ്മിഷണര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റിലുള്ള മോഡിഫിക്കേഷനുകളില്‍ പലതും നേരത്തേ തന്നെ നിലവിലുള്ളവയാണെന്നാണ് ഉയരുന്ന വിമർശനം. പിന്നാലെ ട്രോളുകളും ഒഴുകുകയാണ്.

‘വാഹനത്തില്‍ കീ ചെയിന്‍ തൂക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു, പാവത്തുക്കൾക്ക് ഇത്രയൊന്നും അനുമതി തരല്ലേ, വണ്ടി കഴുകിയത് തന്നെ ഒരു മോഡിഫിക്കേഷന്‍, താങ്ക്യു പൂക്കി അങ്കിൾ, സീറ്റ് കവര്‍... ഫ്ലോര്‍ മാറ്റ്, ആഹാ അന്തസ്സ് എന്നിങ്ങനെ നീളുന്നു വൈറലാകുന്ന ട്രോളുകള്‍. ട്രോളുകള്‍ മാത്രമല്ല കമന്‍റുകളായും വിമര്‍ശനങ്ങളും പരിഹാസങ്ങളുമുണ്ട്. പഞ്ചറായ ടയർ മാറ്റാനും, സൈക്കിൾ ടയറിൽ മുത്തിടാനും അനുമതി തരണം എന്നിങ്ങനെയാണ് വിഷയത്തെ കുറിച്ചുള്ള ഓരോ പോസ്റ്റിന് താഴെയുള്ള കമന്‍റുകളും. ഇതിനിടെ കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാറും പരിഹാസവുമായി രംഗത്തെത്തി. സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു എന്നാണ് ജനീഷ് കുമാര്‍ കാറില്‍ സീറ്റ് ബെല്‍റ്റിടുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്.

അതേസമയം, 18 തരത്തിലുള്ള മോഡിഫിക്കേഷന്‍സ് നിയമതടസമില്ലാതെ, അനുമതി വാങ്ങാതെ നടത്താമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത് വാഹനങ്ങളിലെ ബോഡി സ്റ്റിക്കേഴ്സാണ്. ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളുമൊക്കെ അനുവദിക്കും. പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണമെന്ന് മാത്രം. കൂടാതെ വാഹനത്തിനുള്ളില്‍ പല നിറത്തിലുള്ള ലൈറ്റുകളും അനുവദിക്കും. മറ്റൊന്ന് സ്പീക്കറുകളാണ്.

ഇതുകൂടാതെ സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജി.പി.എസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് തുടങ്ങി സണ്‍ ഫിലീംസ് വരെയുള്ളവയും അനുവദിക്കാവുന്നവയുടെ പട്ടികയിലുണ്ട്. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസാണ് അനുവദിക്കുന്നത്. കൂടാതെ കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. പക്ഷെ ആര്‍.ടി.ഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍.സി ബുക്കില്‍ ഉള്‍പ്പെടുത്തി വേണം മാറ്റാന്‍. അതുപോലെ എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സി.എന്‍.ജിയിലേക്കൊ ഒക്കെ മാറാനും ഇതുപോലെ അനുവാദം വാങ്ങിയാല്‍ സാധിക്കും.

എന്നാല്‍ ഇതിലുള്ളത് ഭൂരിഭാഗവും ഇപ്പോള്‍ തന്നെ അനുവാദമുള്ളതാണ്. ഇതിന് അപ്പുറത്തേക്കുള്ള മോഡിഫിക്കേഷന്‍ അനുവദിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബുദ്ധിമുട്ടാണെന്ന് ഗതാഗത കമ്മീഷണറും ഉറപ്പിച്ച് പറയുന്നുണ്ട്. എന്തായാലും വിഷയത്തില്‍ ഗതാഗത കമ്മീഷണര്‍ തയാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചായിരിക്കും അന്തിമതീരുമാനമെടുക്കുക.

ENGLISH SUMMARY:

The Kerala Transport Commissioner has submitted a comprehensive report to the state government proposing the regularization of eighteen types of non-hazardous vehicle modifications. This move marks the initial step toward fulfilling an election manifesto promise made by Chief Minister V.D. Satheesan regarding automobile customization. The relaxed guidelines look to permit modifications like visual body stickers, multi-colored interior lighting, additional sound speakers, and up to fifty percent tint on sun films without prior RTO approval. However, the announcement has triggered widespread satire and digital trolls across social media, with critics pointing out that most items on the list were already legally permitted. Joining the criticism, Konni MLA K.U. Janeesh Kumar posted a sarcastic picture online, mocking the corporate circular by stating that even wearing a seatbelt now seemingly requires special permission.